ബലൂചിസ്ഥാൻ: തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ പാകിസ്ഥാനിലേക്ക് സൈന്യത്തെ വിന്യസിക്കുന്ന കാര്യം ചൈന പരിഗണിക്കുന്നതായി റിപ്പോർട്ട്. ഒക്ടോബർ 6-ന്, ഗ്വാദറിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ചാവേർ ബോംബാക്രമണത്തിൽ രണ്ട് ചൈനീസ് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഇത് ചെെനയ്ക്ക് കൂടുതൽ സുരക്ഷാ ആശങ്കകൾ ഉയർത്തി.
സൈനികരെ വിന്യസിക്കാൻ സാധ്യതയുള്ളതുൾപ്പെടെ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ കൂടുതൽ നേരിട്ടുള്ള നടപടി സ്വീകരിക്കാൻ ചൈന തയ്യാറെടുക്കുന്നതായി ഇൻ്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിന് മറുപടിയായി പാകിസ്ഥാൻ സുരക്ഷാ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റിൽ, 2.1 ട്രില്യൺ രൂപയുടെ വിശാലമായ പ്രതിരോധ ബജറ്റിൻ്റെ ഭാഗമായ “ഓപ്പറേഷൻ അസ്ം-ഇ-ഇസ്തെഖാം” ന് രാജ്യം 60 ബില്യൺ രൂപ അനുവദിച്ചു.
അതേസമയം ചൈനീസ് പൗരന്മാരുടെ സംരക്ഷണത്തിനും CPEC രണ്ടാം ഘട്ട പദ്ധതികൾക്കും, സൈനിക, നാവിക സുരക്ഷ വർധിപ്പിക്കുന്നതിനുമായി ചൈനയുടെ സാമ്പത്തിക ഏകോപന സമിതി (ഇസിസി) 45 ബില്യൺ രൂപയുടെ ഗ്രാൻ്റിനും അംഗീകാരം നൽകി.
അതിനിടെ, തങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കാൻ പാകിസ്ഥാനുമായി സംയുക്ത സുരക്ഷാ കമ്പനി സ്ഥാപിക്കാൻ ചെെന നിർദ്ദേശിച്ചു. മൊബൈൽ സുരക്ഷാ ഉപകരണങ്ങളും ബാലിസ്റ്റിക് പ്രൊട്ടക്റ്റീവ് വാഹനങ്ങളും ഉൾപ്പെടെ സിപിഇസിയുടെ രണ്ടാം ഘട്ടത്തിന് കീഴിൽ അധിക സുരക്ഷാ പദ്ധതികൾക്കായും ചൈന ശ്രമിക്കുന്നുണ്ട്. വിവിധ ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, വികസന പദ്ധതികൾ എന്നിവയിൽ നിലവിൽ പാക്കിസ്ഥാനിൽ ജോലി ചെയ്യുന്ന ഏകദേശം 30,000 ചൈനീസ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ നടപടികൾ നിർണായകമായേക്കും

