ലോസ് ആഞ്ചലസ്: ഡ്രൈവർ ഇല്ലാതെ സ്വയം ഓടുന്ന റോബോ ടാക്സിയുമായി ടെസ്ല. ലോസ് ആഞ്ചലസിൽ വെച്ച് നടന്ന ചടങ്ങിലാണ് സൈബർ കാബ് എന്ന റോബോ ടാക്സിയുടെ പ്രോട്ടോട്ടൈപ്പ് മാതൃക ടെസ്ല പുറത്തിറക്കിയത്. പൂർണമായും സ്വയം പ്രവർത്തിക്കുന്ന വാഹനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണം 2026ഓടെ പൂർത്തിയാക്കുമെന്ന് മേധാവി ഇലൺ മസ്ക് പറഞ്ഞു.
മുൻപ് പല തവണ മാറ്റി വെക്കപ്പെട്ട ലോഞ്ചിനായി ടെസ്ല ആരാധകർ കാത്തിരിപ്പിലായിരുന്നു. എക്സ് പ്ലാറ്റ്ഫോമിൽ മുപ്പത്തിമൂന്ന് ലക്ഷം പേരാണ് ലോഞ്ചിന്റെ ലൈവ് സ്ട്രീം കണ്ടത്.
സ്വയം ഓടുന്ന വാഹനവിപ്ലവത്തിന്റെ ആരംഭമാണ് റോബോ കാറുകൾ. ദൂരവ്യാപകമായ മാറ്റങ്ങൾ കൊണ്ടുവരാൻ പര്യാപ്തമായ ഒന്നാണത്. ഇതിലൂടെ വലിയ സമയലാഭം ആളുകൾക്കുണ്ടാകും. മനുഷ്യർ ഓടിക്കുന്ന വാഹനങ്ങളേക്കാൾ 20 മടങ്ങ് സുരക്ഷിതമാണ് ഇവ. ചിലവും തുച്ഛമാണ്. ബസ്സുകളേക്കാൾ കുറഞ്ഞ ചെലവിൽ യാത്ര ഉറപ്പ് വരുത്താൻ റോബോ കാറുകൾക്കാവും, മസ്ക് പറഞ്ഞു.
പൂർണമായും സ്വയം പ്രവർത്തിപ്പിക്കുന്ന അൻപത് കാറുകളാണ് ടെസ്ല ചടങ്ങിൽ അണിനിരത്തിയത്. സൈബർ കാബ് മോഡലിനു പുറമേ മോഡൽ വൈ എന്ന ശ്രേണിയിലുള്ള വാഹനങ്ങളും അണിനിരന്നു.
സ്റ്റിയറിങ് വീലും പെഡലും ഇല്ലാത്ത സൈബർ കാബുകൾ ഇ-കാറുകൾ കൂടിയാണ്. പൂമ്പാറ്റ ചിറക് വിടർത്തിയത് പോലെ തുറക്കുന്ന ഡോറുകളുള്ള റോബോ ടാക്സിയുടെ ഡിസൈൻ സയൻസ് ഫിക്ഷൻ നോവലുകളിൽ ഉള്ള പോലെയാണ്.
സ്വയം ഓടുന്ന വാഹനങ്ങൾ കാലങ്ങളായി ടെസ്ലയുടേയും മസ്കിന്റേയും സ്വപ്നമാണ്. റോബോ ടാക്സിയിലൂടെ ആ വിപ്ലവകരമായ സ്വപ്നമാണ് പൂവണിയുന്നത്. ടെസ്ലയുടെ ഉടമസ്ഥതയിലുള്ള റൈഡ് ഹെയ്ലിങ്ങ് ആപ്പ് വഴിയാകും റോബോ ടാക്സിയുടെ പ്രവർത്തനം.
Discussion about this post