കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടിമാരായ സ്വാസിക, ബീന ആന്റണി എന്നിവർക്കും നടനും ബീനാ ആന്റണിയുടെ ഭർത്താവുമായ മനോജിനുമെതിരെ കേസ്. നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. ബീന ആന്റണി ഒന്നാംപ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് താരങ്ങൾക്കെതിരെ പരാതി നൽകിയത്.
യൂട്യൂബിലൂടെ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് ബീനാ ആന്റണിക്കും മനോജിനും സ്വാസികയ്ക്കുമെതിരെ കഴിഞ്ഞ ആഴ്ചയാണ് ആലുവ സ്വദേശിനിയായ നടി പരാതി നൽകിയത്. പ്രമുഖ നടന്മാർക്കെതിരെ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ താരങ്ങൾ യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് നടി പരാതിയിൽ വ്യക്തമാക്കിയത്. ഈ പരാതിയിന്മേലാണ് പൊലീസിന്റെ നടപടി. ജാമ്യം ലഭിക്കാവുന്ന വകുപ്പാണിത്.
നേരത്തേ മലയാള സിനിമയിലെ പ്രമുഖ നടന്മാർക്കെതിരെ ലൈംഗികാരോപണ പരാതിയുമായി നടി രംഗത്തെത്തിയിരുന്നു. നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ജാഫർ ഇടുക്കി, സംവിധായകനും നടനുമായ ബലചന്ദ്രമേനോൻ എന്നിവർക്കെതിരെയായിരുന്നു നടിയുടെ പരാതി.
ഇവരുടെ പരാതിയിൽ നടന്മാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതിനിടെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചുവെന്നും ഫോണിൽ വിളിച്ച് ബ്ലാക്ക് മെയിൽ ചെയ്തുവെന്നുമാരോപിച്ച് നടിക്കെതിരെ ബാലചന്ദ്രമേനോൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു

