ധാക്ക: പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച കിരീടം ബംഗ്ലാദേശിൽ നിന്ന് മോഷണം പോയ സംഭവത്തെ അപലപിച്ച് ഇന്ത്യ. സംഭവത്തിൽ അന്വേഷണം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി സമ്മാനിച്ച കിരീടം മോഷണം പോയ വാർത്തകൾ കണ്ടിരുന്നുവെന്നും സംഭവത്തെ അപലപിക്കുകയാണെന്നും ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ എക്സിൽ കുറിച്ചു. വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തണം. കിരീടം വീണ്ടെടുക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടു.
ബംഗ്ലാദേശിലെ ജശോരേശ്വരി ക്ഷേത്രത്തിലെ കിരീടമാണ് വ്യാഴാഴ്ച മോഷണം പോയത്. ബംഗ്ലാദേശിലെ സാതക്ഹിരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2021ലെ ബംഗ്ലാദേശ് സന്ദർശനത്തിനിടെയാണ് മോദി ക്ഷേത്രത്തിന് കിരീടം സമ്മാനിച്ചത്. സ്വർണവും വെള്ളിയും ഉപയോഗിച്ചാണ് കിരീടം നിർമിച്ചിരുന്നത്. ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളികളാണ് വിഗ്രഹത്തിൽ കിരീടമില്ലെന്ന് ആദ്യം കണ്ടത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയായിരുന്നു.
Discussion about this post