തിരുവനന്തപുരം: നടൻ ബൈജു സന്തോഷ് മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടായ സംഭവത്തിൽ വിശദീകരണവുമായി മകൾ ഐശ്വര്യ സന്തോഷ്. ബൈജു കാറോടിച്ച സമയത്ത് താനല്ല കൂടെയുണ്ടായതെന്ന് മകൾ വ്യക്തമാക്കി. തന്റെ ബന്ധുവാണ് കൂടെയുണ്ടായതെന്നും തെറ്റിദ്ധാരണയില്ലാതിരിക്കാനാണ് പോസ്റ്റ് ചെയ്യുന്നതെന്നും ഐശ്വര്യ സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
‘അച്ഛന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട വാർത്തകളിൽ ഒപ്പമുണ്ടായെന്ന് പറയുന്ന വ്യക്തി ഞാനല്ല. അത് എന്റെ അച്ഛന്റെ കസിന്റെ മകളാണ്. എല്ലാവരും ഇപ്പോൾ സുരക്ഷിതരാണ്. തെറ്റിദ്ധാരണയില്ലാതിരിക്കാൻ ഇത് പോസ്റ്റ് ചെയ്യുന്നു’, ഐശ്വര്യ പറഞ്ഞു. വാഹനാപകട സമയത്ത് ബൈജുവിന്റെ കൂടെ മകളുമുണ്ടായിരുന്നെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ വാർത്തകളിലാണ് ഐശ്വര്യ വിശദീകരണവുമായി രംഗത്തെത്തിയത്.
അതേസമയം മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച പരാതിയിൽ ബൈജുവിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചാണ് അപകടം നടന്നത്. കസ്റ്റഡിയിൽ എടുത്ത ബൈജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കവടിയാർ ഭാഗത്ത് നിന്നും വന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇന്ത്യൻ ഭാരതീയ ന്യായ സംഹിത പ്രകാരം 281 വകുപ്പും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 185ാം വകുപ്പും ബൈജുവിനെതിരെ ചേർത്തിട്ടുണ്ട്.
Discussion about this post