കൊച്ചി: മുൻഭാര്യയേയും മകളേയും സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെ മുൻഭാര്യയ്ക്കും മകൾക്കുമെതിരെ പ്രചാരണങ്ങൾ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
അതിനിടെ മൂന്ന് ആഴ്ചയായി താൻ മുൻഭാര്യക്കും മകൾക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും എന്തിനാണ് അറസ്റ്റു ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്നും ബാല അറസ്റ്റിനു പിന്നാലെ പ്രതികരിച്ചിരുന്നു. പോലീസ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു ബാലയുടെ പ്രതികരണം. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് നടനെതിരെ ചുമത്തിയിരുന്നത്.
തിങ്കളാഴ്ച്ച പുലർച്ചെയാണ് ബാലയെ ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ നിന്ന് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post