കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ,സിപിഎം നേതാവും, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പി.പി ദിവ്യയ്ക്കെതിരെ രൂക്ഷ വിമർശനം. എഡിഎമ്മിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ നവീൻ ബാബുവിനെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇതിലെ മനോവിഷമം കാരണമാണ് ആത്മഹത്യ എന്നാണ് വിമർശനം ഉയരുന്നത്
ജില്ലാ കളക്ടർ പങ്കെടുത്ത യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചിരുന്നില്ല. എന്നാൽ യോഗം നടക്കുന്ന ഹാളിൽ എത്തിയ പിപി ദിവ്യ എഡിഎമ്മിനെ അധിക്ഷേപിക്കുകയായിരുന്നു.
കണ്ണൂർ കളക്ടറേറ്റിൽ സ്വകാര്യ ചടങ്ങായാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്. മാധ്യമങ്ങളെ പോലും ചടങ്ങിന് ക്ഷണിച്ചിരുന്നില്ല. എന്നാൽ എല്ലാ മുൻ നിര മാധ്യമങ്ങളും ആ പരിപാടിക്കെത്തിയിരുന്നു. മാധ്യമങ്ങൾ എത്തിയതിന് പിന്നാലെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാസ് എൻട്രി നടത്തിയത്. പിന്നെ പ്രസംഗവും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് പരാതികളുണ്ടെങ്കിൽ വിജിലൻസിന് പരാതി നൽകാമായിരുന്നെന്നും, അതിന്റേതായ വേദികളിൽ പരാതി പറയണമെന്നുമാണ് വിമർശനം.
യോഗത്തിൽ എഡിഎമ്മിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നാക്രമിക്കുമെന്ന സൂചന മാധ്യമങ്ങൾക്ക് നേരത്തെ കിട്ടിയിരുന്നു. മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ചാണ് പി.പി ദിവ്യ ‘ഷോ ‘ കാണിക്കാൻ എത്തിയതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.
വില്ലേജ് ഓഫീസറായി തുടങ്ങി എഡിഎമ്മായി ഉയർന്ന വ്യക്തിയാണ് നവീൻ ബാബു. ഇടതു പശ്ചാത്തലമുള്ള കുടുംബമാണ്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുമെന്ന് കരുതി കാത്തുനിന്ന കുടുംബത്തിന് തീരാ ദുഖമായി എഡിഎമ്മിന്റെ തൂങ്ങിമരണം.
കാസർകോടായിരുന്നു എഡിഎമ്മായി നവീൻ ബാബു ആദ്യം ജോലി ചെയ്തത്. അവിടുത്തെ മികവ് കണക്കിലെടുത്താണ് കണ്ണൂരിലേക്ക് മാറ്റിയത് സിപിഎം സംഘടനാ പ്രതിനിധിയുമായിരുന്നു
സിപിഎം സഹയാത്രികനായ നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിൽ കണ്ണൂരിലെ സിപിഎം പ്രവർത്തകർക്കും പ്രതിഷേധമുണ്ട്.
ചെങ്ങളയിലുള്ള പെട്രോൾ പമ്പിന് എൻഒസി നൽകിയതിൽ അഴിമതി നടത്തിയെന്നായിരുന്നു പ്രസിഡന്റ് യാത്രയയപ്പ് യോഗത്തിൽ ആരോപിച്ചത്. ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിനായി പി.പി.ദിവ്യ ഇന്ന് വാർത്താസമ്മേളനം നടത്താനിരിക്കെയാണ് നവീൻ ബാബുവിന്റെ മരണം.
Discussion about this post