കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കും നരഹത്യക്കും കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എഡിഎമ്മിന്റെ മരണത്തിനുപിന്നിൽ പി പി ദിവ്യയുടെ പങ്ക് അന്വേഷണവിധേയമാക്കണം. ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിനെത്തി മനഃപൂർവം തങ്ങളുടെ വരുതിയിൽ നിൽക്കാത്ത ഒരുദ്യോഗസ്ഥനെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ പരസ്യമായി ആക്ഷേപിക്കുയായിരുന്നു ദിവ്യയെന്നും സുരേന്ദ്രൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമനടപടി വേണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് അവർ നിയമനടപടി നേരിടണം. അവർക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കും നരഹത്യയ്ക്കും കേസ്സെടുക്കണം. അടിയന്തരമായി ജില്ലാ കളക്ടറുടെ മൊഴിയെടുക്കണം. സിപിഎം നേതാക്കൾ നിരന്തരമായി നടത്തുന്ന ഭീഷണിയും അപവാദപ്രചാരണവും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലാണ് നവീൻ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകാനിരുന്ന നവീൻ ബാബുവിനെതിരെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ എത്തിയ പി പി ദിവ്യ ആരോപണം ഉന്നയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നവീൻ ബാബുവിനെ ജീവനൊടുക്കിയ നിലയിൽ വീട്ടിൽകണ്ടെത്തിയത്.
Discussion about this post