കൊച്ചി: നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ കേസിലാണ് നടപടി. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. ഒരു മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.
എറണാകുളം ജോയിന്റ് ആർടിഒയുടേതാണ് നടപടി. ശ്രീനാഥ് ഭാസി ഓടിച്ച കാർ മട്ടാഞ്ചേരി സ്വദേശിയെ ഇടിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തത്.
മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി മുഹമ്മദ് ഫഹീമിനാണ് പരുക്കേറ്റത്. കഴിഞ്ഞ മാസമായിരുന്നു അപകടം. സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
അതേസമയം, ഹോട്ടലിലെ ലഹരിപാർട്ടിയിൽ പങ്കെടുത്തെന്ന സംശയത്തെ തുടർന്ന് ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കുണ്ടന്നൂരിലെ ഹോട്ടലിൽ ലഹരിപ്പാർട്ടി നടത്തിയതിന് കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും അറസ്റ്റിലായിരുന്നു. ഈ ഹോട്ടലിൽ ഇവരെ സന്ദർശിച്ചെന്ന പേരിലാണ് നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്തത്.
Discussion about this post