പാലക്കാട്: പാലക്കാട് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥി നിർണയത്തിൽ പരസ്യ പ്രതികരണവുമായി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. സരിൻ രംഗത്തെത്തി. മാധ്യമങ്ങൾക്ക് മുൻപാകെയാണ് സരിൻ്റെ പ്രതികരണം.
താല്പര്യങ്ങൾക്ക് അനുസരിച്ചാണ് സ്ഥാനാർത്ഥി നിർണയമെന്നും, പ്രബല വിഭാഗത്തിന്റെ സമ്മർദ്ദത്തിന് കോൺഗ്രസ് വഴങ്ങി കൊടുത്തുവെന്നും സരിൻ ആരോപിച്ചു.
ഷാഫി പറമ്പിലിന്റെ താല്പര്യത്തിനനുസരിച്ചാണ് സ്ഥാനാർത്ഥി നിർണയം എന്നും പരോക്ഷമായി സരിൻ ആരോപിച്ചു.
ഇൻസ്റ്റാഗ്രാമിൽ റീലിട്ട് ലൈക്ക് കിട്ടുന്നതല്ല രാഷ്ട്രീയ പ്രവർത്തനമെന്നും സരിൻ പരിഹസിച്ചു. പാർട്ടിയുടെ പേരിൽ ജയിലിൽ പോകുന്നതല്ല പാർട്ടിക്ക് വേണ്ടിയുള്ള ത്യാഗവും, പാർട്ടി പ്രവർത്തനമെന്നും സരിൻ വ്യക്തമാക്കി
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എഐസിസി അധ്യക്ഷനും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും ഇമെയിൽ അയച്ചതായും സരിൻ പറഞ്ഞു. കത്തിന്റെ പ്രസക്തഭാഗങ്ങൾ വാർത്താ സമ്മേളനത്തിൽ വായിക്കുകയും ചെയ്തു.
2021ലെ തിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി ബിജെപിക്ക് മണ്ഡലത്തിൽ അമ്പതിനായിരത്തിലധികം വോട്ട് നേടാൻ സഹായകരമായ സാഹചര്യങ്ങളും ഹൈക്കമാൻഡിന് നൽകിയ കത്തിൽ സരിൻ ചൂണ്ടിക്കാട്ടി
സംസ്ഥാനത്ത് നടന്ന കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പ്രഹസനമായിരുന്നുവെന്ന ഗുരുതര ആരോപണവും സരിൻ ഉന്നയിക്കുന്നുണ്ട്. മാധ്യമങ്ങൾക്ക് മുന്നിൽ ഒന്നു പറയുകയും പിന്നീട് മാധ്യമപ്രവർത്തകരെ മാറ്റിനിർത്തി മറ്റൊന്നു പറയുകയും ചെയ്യുന്ന കോൺഗ്രസ് നേതാക്കളുടെ ശൈലി മാറ്റണമെന്നും അദ്ദേഹം തുറന്നടിച്ചു. പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടിയെ തിരുത്താനാണ് ശ്രമിക്കുന്നതെന്നും ഇപ്പോൾ തിരുത്തൽ വരുത്തിയില്ലെങ്കിൽ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ഇപ്പോൾ ഹരിയാനയിൽ സംഭവിച്ചത് കേരളത്തിൽ ആവർത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാലക്കാട് വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെയല്ല കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. സരിൻ അഭിപ്രായപ്പെട്ടു
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടം അടക്കമുള്ള നേതാക്കൾ ജയിലിൽ ആകുകയും ജാമ്യം ലഭിച്ചു പുറത്തിറങ്ങുകയും ചെയ്തിരുന്നു. ഇക്കാര്യവും സോഷ്യൽ മീഡിയയിൽ പി ആർ ഏജൻസികളെ വച്ച് റീലുകൾ ഉണ്ടാക്കിയിടുന്ന ഷാഫി പറമ്പിലിന്റെ രീതിയെയും പരിഹസിച്ചു കൊണ്ടായിരുന്നു സരിൻ്റെ വാർത്താ സമ്മേളനം.
Discussion about this post