ബോർണോ: നൈജീരിയയിൽ നടുറോഡിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 140ലേറെ പേർ കൊല്ലപ്പെട്ടു. നൈജീരിയയിലെ ബോർണോയിലെ മൈദുഗുരിയിൽ ചൊവ്വാഴ്ചയാണ് വലിയ അപകടമുണ്ടായത്. മജിയ നഗരത്തിൽ വച്ച് ഇന്ധന ടാങ്കറിന് നിയന്ത്രണം നഷ്ടമായതിന് പിന്നാലെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം.
തലകീഴായി മറിഞ്ഞ ഇന്ധന ടാങ്കറിൽ വലിയ രീതിയിൽ തീ പടരുന്നതിന്റേയും പൊട്ടിത്തെറിക്കുന്നതിന്റേയും ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ വച്ചുണ്ടായ അപകടത്തിൽ 147ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വളരെ പെട്ടന്ന് തീ പടർന്നതിനാൽ ആളുകൾക്ക് രക്ഷപ്പെടാനോ തീ അണയ്ക്കാനോ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടായതെന്നാണ് അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഒരാൾ അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.
നൈജീരിയയിലെ യോബേയിലേക്ക് പോവുകയായിരുന്നു ഇന്ധന ടാങ്കറാണ് രാത്രി 11.30ഓടെ പൊട്ടിത്തെറിച്ചത്. ടാങ്കർ മറിഞ്ഞതിന് പിന്നാലെ വലിയ രീതിയിൽ ആളുകൾ ടാങ്കറിന് ചുറ്റും കൂടി ചോരുന്ന ഇന്ധനം വാഹനങ്ങളിലാക്കി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു തീ പടർന്ന് ടാങ്കർ പൊട്ടിത്തെറിച്ചത്. അപകടമേഖലയിൽ നിന്ന് ഒഴിയണമെന്ന പൊലീസ് നിർദ്ദേശം അടക്കം അവഗണിച്ചാണ് ആളുകൾ ഇന്ധനം ശേഖരിക്കാൻ തുടങ്ങിയത്. ഇതാണ് വലിയ രീതിയിൽ ആളുകൾ മരിക്കാൻ ഇടയാക്കിയതെന്നാണ് അധികൃതർ അപകടത്തേക്കുറിച്ച് വിശദമാക്കുന്നത്. മണിക്കൂറുകൾക്ക് ശേഷമാണ് വ്യാപക രീതിയിൽ പടർന്ന തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.
Discussion about this post