കണ്ണൂർ∙ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ദിവ്യയെ പ്രതി ചേർത്ത് കണ്ണൂർ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
കണ്ണൂരിൽ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കാതെ വേദിയിലെത്തിയ ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ജില്ലാ കലക്ടർ ഉൾപ്പെടെ പങ്കെടുത്ത റവന്യൂ ഉദ്യോഗസ്ഥർ മാത്രം ഉണ്ടായിരുന്ന യോഗത്തിലേക്കാണ് ദിവ്യ കടന്നുവന്നത്. ഈ സംഭവത്തിനു ശേഷം നവീൻ ബാബു തന്റെ ക്വാർട്ടേഴ്സിലെത്തി ജീവനൊടുക്കുകയായിരുന്നു. ദിവ്യ അപമാനിച്ചതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആരോപണം.
കണ്ണൂർ ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങാനുള്ള പ്രശാന്തൻ എന്ന സംരംഭകന് നിരാക്ഷേപ പത്രം നൽകുന്നതിൽ നവീൻ ബാബു അഴിമതി നടത്തിയെന്നായിരുന്നു ദിവ്യയുടെ ആരോപണം.
ദിവ്യയുടെ അടുത്ത സുഹൃത്തും, ഭർത്താവിനൊപ്പം പരിയാരം മെഡിക്കൽ കോളേജിൽ പ്രവർത്തകനുമാണ് പ്രശാന്തൻ. അതേസമയം പെട്രോൾ പമ്പ് തുടങ്ങാൻ കൈക്കൂലി പണം നൽകിയെന്ന് പരസ്യമായി സമ്മതിച്ച പ്രശാന്തനെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്
Discussion about this post