തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രപരിസരത്ത് നടന്ന ചിക്കൻബിരിയാണി സൽക്കാരത്തിൽ ഹൈക്കോടതി ഇടപെടുന്നു. ചീഫ് വിജിലൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉചിത നടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു.
സംഭവത്തിൽ ഉചിതമായ നടപടിയാണ് വേണ്ടതെന്നും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ശ്രീ പത്മനാഭസ്വാമി പരിസരത്ത് ഇത്തരം സംഭവങ്ങൾ അനുവദിക്കാനാകില്ലെന്നും വീണ്ടും ആവർത്തിക്കാതിരിക്കുന്നതിനായി ക്ഷേത്ര ഭരണസമിതി ജാഗ്രത പാലിക്കണമെന്നുമാണ് ഹൈക്കോടതിയുടെ നിർദേശം. ഭക്തർ നൽകിയ ഹർജികൾ തീർപ്പാക്കിക്കൊണ്ടായിരുന്നു ഉത്തരവ്. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി അജിത്കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെതാണ് ഉത്തരവ്.
ജൂലൈ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വടക്കേ നടയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലായിരുന്നു ചിക്കൻ ബിരിയാണി വിളമ്പിയത്. ജീവനക്കാരന്റെ മകന് സർക്കാർ ജോലികിട്ടിയതിന്റെ ഭാഗമായിട്ടായിരുന്നു സൽക്കാരം. സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം പങ്കുവച്ചുകൊണ്ടായിരുന്നു പരാതി നൽകിയിരുന്നത്.
Discussion about this post