കൊറിയ: ഓരോ ദിവസവും പുത്തൻ പരീക്ഷണങ്ങളിലൂടെ കുതിക്കുകയാണ് സ്മാർട്ട്ഫോൺ വിപണി. ഇപ്പോഴാകട്ടെ ഏറ്റവും പ്രമുഖ ദക്ഷിണ കൊറിയൻ ബ്രാൻഡായ സാംസങ് അവരുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോൺ പുറത്തിറക്കാൻ തയ്യാറെടുക്കുന്നു എന്നതാണ് ജനങ്ങൾ കാത്തിരിക്കുന്ന വാർത്ത. ഒരു മാസത്തിലേറെയായി ഈ ഫോണിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും ലോഞ്ച് തിയതിയുടെ സൂചന ഉൾപ്പടെ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഒക്ടോബർ 25ന് സാംസങ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോൺ പുറത്തിറങ്ങിയേക്കും എന്നാണ് കൊറിയൻ മാധ്യമമായ എഫ്എൻന്യൂസിൻറെ റിപ്പോർട്ട്. സാംസങ് ഗ്യാലക്സി സ്സെഡ് ഫോൾഡ് 6 സ്പെഷ്യൽ എഡിഷൻ എന്നാണ് ഈ മോഡലിന് പേര്. 2200 ഡോളർ അഥവാ 1,85,000 രൂപയിലായിരിക്കും ഫോണിൻറെ വില ആരംഭിക്കുക എന്നാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയയിൽ ഒക്ടോബർ 25ന് ഫോൺ എത്തും എന്നാണ് എഫ്എൻന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ ദക്ഷിണ കൊറിയയിലും ചൈനയിലും മാത്രമായിരിക്കും ഈ ഫോൺ ലഭ്യമാവുക.
ഇതുവരെയുള്ളതിൽ വെച്ച് കമ്പനിയുടെ ഏറ്റവും കട്ടി കുറഞ്ഞ സ്മാർട്ട്ഫോണായിരിക്കും ഗ്യാലക്സി സ്സെഡ് ഫോൾഡ് 6 സ്പെഷ്യൽ എഡിഷൻ എന്നാണ് പരക്കുന്ന അഭ്യൂഹങ്ങൾ. വെറും 10 എംഎം മാത്രമായിരിക്കും ഇതിൻറെ കട്ടി. കറുത്ത നിറത്തിൽ വരുന്ന ഫോണിന് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ടാകും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുമ്പിറങ്ങിയ ഗ്യാലക്സി സ്സെഡ് ഫോൾഡ് 6ൻറെ കട്ടി 121 മില്ലിമീറ്ററായിരുന്നു. 6.5 ഇഞ്ച് എക്സ്ടേണൽ ഡിസ്പ്ലെയും 8 ഇഞ്ച് ഇൻറേണൽ ഡിസ്പ്ലെയുമാണ് സാംസങ് ഗ്യാലക്സി സ്സെഡ് ഫോൾഡ് 6 സ്പെഷ്യൽ എഡിഷനിൽ വരിക.
Discussion about this post