സിവാൻ: ബിഹാറിലെ സിവാൻ, സരൺ ജില്ലകളിലുണ്ടായ വ്യാജമദ്യദുരന്തത്തിൽ 35 പേർ മരിച്ചു. 49 പേർ ചികിത്സയിൽ കഴിയുകയാണ്. മദ്യത്തിൽ മീഥൈയിൽ ആൽക്കഹോൾ കലർത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
ദുരന്തത്തിൽ 25 പേർ മരിച്ചതായി ബിഹാർ ഡി.ജി.പി. അറിയിച്ചു. സംഭവത്തിൽ 25 പേരെ അറസ്റ്റ് ചെയ്തു. രണ്ട് അന്വേഷണ സംഘങ്ങളായാണ് അന്വേഷണം പുരോഗമിക്കുന്നത്. അടുത്ത കാലത്തുണ്ടായ ഇത്തരം ദുരന്തങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മദ്യം കഴിച്ചവരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് 250 ഇടങ്ങളിലായി നടത്തിയ റെയ്ഡിൽ 1650 ലിറ്റർ മദ്യം പിടിച്ചെടുത്തു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയക്കുകയും ചെയ്തു. ഇനി ഓട്ടോപ്സി റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകുവെന്ന് പോലീസ് വ്യക്തമാക്കി.
മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. 2016ലാണ് നിതീഷ് കുമാർ സർക്കാർ സംസ്ഥാനത്ത് മദ്യ നിരോധനം ഏർപ്പെടുത്തിയത്. മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

