ന്യൂഡൽഹി: ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷന് എതിരായ നിയമനടപടികൾ സുപ്രീം കോടതി റദ്ദാക്കി. ഇഷാ ഫൗണ്ടേഷനിൽ തന്റെ പെൺമക്കളെ അനധികൃതമായി തടഞ്ഞുവെച്ചുവെന്ന് കാണിച്ച് അവരുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലെ നടപടികളാണ് സുപ്രീം കോടതി റദ്ദാക്കിയത്. സ്ത്രീകൾ പ്രായപൂർത്തിയായവരും അവരുടെ സ്വന്തം ഇഷ്ടപ്രകാരം ആശ്രമത്തിൽ താമസിക്കുന്നവരാണെന്ന് കോടതി വ്യക്തമാക്കി. സദ്ഗുരു ഇവരെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു ഹർജിയിൽ പിതാവിന്റെ ആരോപണം.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്.പെൺകുട്ടികളുടെ പിതാവ് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് ഫൗണ്ടേഷനിൽ പൊലീസ് റെയ്ഡും നടത്തി. എന്നാൽ, ഇത്തരം നടപടികൾ ആളുകളേയും സ്ഥാപനങ്ങളേയും അപകീർത്തിപ്പെടുത്താൻ പാടില്ലെന്ന്, വാദത്തിനിടെ, ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഹർജിയിൽ പറഞ്ഞ 42 -ഉം 39- ഉം പ്രായമുള്ള സ്ത്രീകൾ പിതാവിന്റെ ആരോപണം നിഷേധിച്ചു. ഇവർ ആശ്രമത്തിലെ അന്തേവാസികളാണെന്നും ഇഷ ഫൗണ്ടേഷൻ അറിയിച്ചു. ഇരുവരേയും ഹൈക്കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. സ്ത്രീകളിൽ ഒരാൾ വീഡിയോ കോൾ വഴി സുപ്രീംകോടതിയിലും ഹാജരായിരുന്നു. താനും സഹോദരിയും ആശ്രമത്തിലെ താമസക്കാരാണെന്നും എട്ട് വർഷമായി പിതാവ് തങ്ങളെ പീഡിപ്പിക്കുകയാണെന്നുമാണ് സുപ്രീംകോടതിയിൽ ഇവർ നൽകിയ മൊഴിയിൽ പറയുന്നത്.
ഇതോടെ സ്ത്രീകൾ അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തിൽ താമസിക്കുന്നതെന്ന് ബോധ്യമായെന്ന് കോടതി പറഞ്ഞു. ഈ ഹർജിയുടെ അടിസ്ഥാനത്തിൽ മദ്രാസ് ഹൈക്കോടതി ഫൗണ്ടേഷനെതിരേ നടത്താൻ നിർദ്ദേശിച്ച അന്വേഷണവും സുപ്രീംകോടതി റദ്ദാക്കി. ഹർജിക്കാരനായ പിതാവിന് ഇവരെ പൊലീസിനൊപ്പമല്ലാതെ ആശ്രമത്തിലെത്തി കാണമെന്നും കോടതി വ്യക്തമാക്കി. എന്നാൽ, ഈ ഉത്തരവ് ഇഷാ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് നടത്തുന്ന മറ്റ് അന്വേഷണങ്ങളെ ബാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
Discussion about this post