മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്ന നടിയായി ബോളിവുഡ് താരം ജൂഹി ചൗള. ഹുറൂൺ റിച്ച് ലിസ്റ്റ് 2024 പ്രകാരം തന്റെ ബിസിനസ് പാർട്ണറും സുഹൃത്തുമായ ഷാരൂഖ് ഖാന്റെ പുറകിലായാണ് ജൂഹി സമ്പന്ന പട്ടികയിൽ ഇടം നേടിയത്. 2024 Hurun India Rich List പ്രകാരം 7600 കോടി ആസ്തിയോടെ ഷാരൂഖ് ഖാനാണ് ഒന്നാമത്. ഷാരൂഖ് ആദ്യമായാണ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ സിനിമയിൽ സജീവമല്ലാതിരുന്നിട്ടും താരം മറ്റു നടിമാരേക്കാൾ ബഹുദൂരം മുന്നിലെത്തി എന്നതാണ് ശ്രദ്ധേയം. ഐശ്വര്യ റായ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങി ഇപ്പോഴും അഭിനയരംഗത്തുള്ള നടിമാരെ പിന്തള്ളി നേട്ടത്തിലെത്തിയ ജൂഹിയുടെ ആസ്തി 4600 കോടി രൂപയാണ്.
850 കോടി ആസ്തിയോടെ ഐശ്വര്യ റായ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള നടി. 650 കോടി ആസ്തിയുമായി പ്രിയങ്ക ചോപ്രയും 550 കോടിയുമായി ആലിയ ഭട്ടും പുറകേയുണ്ട്. ഇതിൽ പ്രിയങ്കയും ആലിയയും മികച്ച സംരംഭകർ കൂടിയാണ്. പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനത്തുള്ള നടിമാരുടെ സമ്പത്ത് മൊത്തം കൂട്ടിയാൽ പോലും ജൂഹി ചൗളയുടെ അടുത്തെത്തില്ല.
സിനിമാ അഭിനയത്തിൽ നിന്നുള്ള സമ്പാദ്യമല്ല ജൂഹിയുടെ പ്രധാന വരുമാനമാർഗം. തൊണ്ണൂറുകളിലെ പ്രിയ താരമായിരുന്ന നടിയുടെ അവസാന ഹിറ്റ് സിനിമ ഇറങ്ങിയത് 2009ലാണ്. താരത്തിന്റെ സമ്പാദ്യത്തിന്റെ വലിയ പങ്കും ബിസിനസ് സംരംഭങ്ങളിൽ നിന്നാണ്. റെഡ് ചില്ലീസ് ഗ്രൂപ്പ് എന്ന എന്റർടൈൺമെന്റ് ശൃംഖലയാണ് ഇതിൽ പ്രധാനം. ഗ്രൂപ്പിന്റെ സഹസ്ഥാപകയായ ജൂഹി നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേർസിന്റെ അടക്കം അനേകം ക്രിക്കറ്റ് ടീമുകളുടെ കൂടി കോപാർട്ണർ ആണ് താരം. റിയൽ എസ്റ്റേറ്റ് രംഗത്തും മികച്ച നിക്ഷേപങ്ങളുള്ള താരം ഭർത്താവ് ജയ് മേഹ്ത്ത നടത്തുന്ന ബിസിനസ് സംരംഭങ്ങളിലും പാർട്ണർ ആണ്.
1990കളിലാണ് ബോളിവുഡ് താരങ്ങൾക്ക് ആദ്യമായി ഒരു സിനിമയ്ക്ക് ഒരു കോടിയിലേറെ പ്രതിഫലം കിട്ടിത്തുടങ്ങിയത്. ആ വരുമാനത്തിന്റെ കൂട്ട് പിടിച്ച് പലരും പിന്നീട് വലിയ ബിസിനസ് സംരംഭകരുമായി. അത് കൊണ്ട് തന്നെ ലോകത്തെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളുടെ പട്ടികയിൽ ഇന്ത്യൻ സിനിമാ താരങ്ങൾ മുൻപന്തിയിലുണ്ട്.
Discussion about this post