തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കേരള തീരത്ത് 20/10/2024 രാവിലെ 05.30 മുതൽ 21/10/2024 രാത്രി 11.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി.
തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക. അതേസമയം, 2024 ഒക്ടോബർ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എന്താണ് കള്ളക്കടൽ പ്രതിഭാസം
സമുദ്രത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു വേലിയേറ്റമാണ് കള്ളക്കടൽ പ്രതിഭാസം. അപ്രതീക്ഷിതമെന്നുകൊണ്ട് ഉദ്ദേശിക്കുന്നത് സാധാരണ വേലിയേറ്റത്തിന് കാരണമാകുന്ന പ്രതിഭാസങ്ങൾ അല്ലാതെ മറ്റുചില കാരണങ്ങൾ കൊണ്ടുണ്ടാകുന്നത് എന്നാണ്. സാധാരണ വേലിയേറ്റമുണ്ടാകുന്നത് കാറ്റിന് അനുസരിച്ചോ സൂര്യൻറെയും ചന്ദ്രൻറെയും ഗുരുത്വാകർഷണ ഫലമായോ ആണ്. അങ്ങനെ അല്ലാതെ ഉണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ പ്രതിഭാസം. അവിചാരിതമായോ അപ്രതീക്ഷിതമായോ ഉണ്ടാകുന്ന ഈ തിരമാലകൾ സാധാരണ വേലിയേറ്റത്തെക്കാൾ നാശനഷ്ടങ്ങൾ സൃഷ്ടിച്ചേക്കാം. പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നുമില്ലാതെയാണ് ഇത്തരം തിരമാലകൾ ആഞ്ഞടിക്കുന്നത്.
സുനാമിയുമായി ഏറെ സാമ്യം ഉണ്ട് കള്ളക്കടൽ പ്രതിഭാസത്തിന്. സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെ തുടർന്നാണ് ശക്തമായ തിരമാലകളുണ്ടാവുന്നത്. സുനാമിയുടെ സമയത്ത് ഉണ്ടാകുന്നതുപോലെ തന്നെ സമുദ്രം ഉള്ളിലേക്ക് വലിഞ്ഞ ശേഷം പിന്നീട് തീരത്തേക്ക് ആഞ്ഞടിക്കുകയാണ് ചെയ്യുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിൽ മഴയോ കാറ്റോ ഒന്നും ഇല്ലാതെ തന്നെ തിരകൾ ഉയർന്നുപൊങ്ങും. അപ്രതീക്ഷിതമായി തിരകൾ അടിച്ചുകയറി തീരത്തെ കവർന്നെടുക്കുന്നതിനാലാണ് തീരദേശവാസികൾ ഈ പ്രതിഭാസത്തെ കള്ളക്കടൽ എന്നുവിളിക്കുന്നത്. സമുദ്രത്തിൽ ഉണ്ടാകുന്ന വിവിധ കാലാവസ്ഥ മാറ്റങ്ങളാണ് കള്ളക്കടൽ പ്രതിഭാസത്തിന് കാരണമായി പറയുന്നത്.
Discussion about this post