ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം ഡ്രോൺ പൊട്ടിത്തെറിച്ചു. ഹമാസ് തലവൻ യഹിയ സിൻവാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് സംഭവം. ലെബനനിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ ആണ് തെക്കൻ ഹൈഫയിലെ സിസേറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം പൊട്ടിത്തെറിച്ചത് എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഡ്രോൺ സിസേറിയയിലെ ഒരു കെട്ടിടത്തിൽ വന്ന് പതിക്കുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ നെതന്യാഹുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ല എന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. ലെബനനിൽ നിന്ന് വിക്ഷേപിച്ച മറ്റ് രണ്ട് ഡ്രോണുകൾ വ്യോമ പ്രതിരോധം തകർത്തു. സംഭവത്തിന് പിന്നാലെ ടെൽ അവീവ് പ്രദേശത്ത് സൈറണുകൾ മുഴങ്ങി. ഡ്രോൺ ആക്രമണത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നതായി സൗദി ഔട്ട്ലെറ്റ് അൽ ഹദത്ത് റിപ്പോർട്ട് ചെയ്തു.
എന്നാൽ സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം സിൻവാറിന്റെ മരണവും നെതന്യാഹുവിന്റെ വീടിന് സമീപമുണ്ടായ ഡ്രോൺ ആക്രമണവും ഇസ്രയേലും ഇറാൻ പിന്തുണയുള്ള മിഡിൽ ഈസ്റ്റിലെ സംഘടനകളും തമ്മിലുള്ള യുദ്ധം രൂക്ഷമാകുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. അതേസമയം ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ മറ്റാരും ഏറ്റെടുത്തിട്ടില്ല.
ലെബനനിൽ ഹമാസിന്റെ സഖ്യകക്ഷിയായ ഹിസ്ബുള്ളയുമായി ഇസ്രായേൽ യുദ്ധം ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം ലെബനൻ അതിർത്തിയിൽ ഇസ്രായേൽ കരസേനയെ അയച്ചിരുന്നു. ഹിസ്ബുള്ളയുടെ പ്രാദേശിക കമാൻഡ് സെന്റർ വ്യോമാക്രമണത്തിലൂടെ തകർത്തതായി ഇസ്രായേൽ സൈന്യം പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഡ്രോൺ ആക്രമണം എനന്നതും ശ്രദ്ധേയമാണ്. സെപ്തംബർ അവസാനം മുതൽ ആരംഭിച്ച യുദ്ധത്തിൽ ലെബനനിൽ കുറഞ്ഞത് 1418 പേരെങ്കിലും മരിച്ചിട്ടുണ്ട്. ഇന്ന് ബെയ്റൂട്ടിന് വടക്കുള്ള ജോണിയിൽ ഇസ്രായേൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതർ പറഞ്ഞു. തലസ്ഥാനത്തെ രാജ്യത്തിന്റെ വടക്ക് ഭാഗത്തേക്ക് ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഹൈവേയിലാണ് ആക്രമണം നടന്നതെന്ന് ലെബനൻ സ്റ്റേറ്റ് മീഡിയ പറഞ്ഞു
Discussion about this post