ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹി രോഹിണിയിൽ സി.ആർ.പി.എഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ഖലിസ്ഥാൻ വിഘടനവാദി സംഘടനകളിലേക്ക്. ഖലിസ്ഥാൻ സംഘടനയുടെ പേരിൽ, സ്ഫോടനത്തിന് പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെട്ട് ടെലഗ്രാമിൽ പ്രചരിക്കുന്ന പോസ്റ്റും പൊലീസിൻറെ അന്വേഷണത്തിലുണ്ട്.
ജസ്റ്റിസ് ലീഗ് ഇന്ത്യയുടെ പേരിലാണ് ടെലഗ്രാം പോസ്റ്റ് പ്രചരിക്കുന്നത് ഇത് ഖലിസ്ഥാൻ അനുകൂല സംഘടനയാണ്. ഇതിൽ, സ്ഫോടന ദൃശ്യത്തിന്റെ സ്ക്രീൻഷോട്ടിന് താഴെ ‘ഖലിസ്ഥാൻ സിന്ദാബാദ്’ എന്നും എഴുതിയിട്ടുണ്ട്. ‘ഭീരുക്കളായ ഇന്ത്യൻ ഏജൻസിയും അവരുടെ യജമാനനും ചേർന്ന് ഗുണ്ടകളെ വാടകക്കെടുത്ത് ഞങ്ങളുടെ ശബ്ദം നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഞങ്ങളുടെ അംഗങ്ങളെ ലക്ഷ്യം വെക്കുന്നവർ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്. ഞങ്ങൾ എത്രത്തോളം അടുത്താണെന്നും എപ്പോൾ വേണമെങ്കിലും തിരിച്ചടിക്കാൻ പ്രാപ്തരാണെന്നുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്’ – പോസ്റ്റിൽ പറയുന്നു.
സ്‌ഫോടനത്തെപ്പറ്റി എൻഐഎയും അന്വേഷണം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രശാന്ത് വിഹാറിലെ സ്‌കൂളിന്റെ സമീപത്താണ് കഴിഞ്ഞ ദിവസം സ്‌ഫോടനം നടന്നത്. മതിൽ തകർത്ത് ശക്തമായ സ്ഫോടനം രാജ്യതലസ്ഥാനത്തെ ഞെട്ടിച്ചു. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപത്തെ ചില കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ബോംബ് നിർമ്മാണത്തിനായി വെള്ള നിറത്തിലുള്ള ഒരു രാസവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അമോണിയം നൈട്രേറ്റിന്റെയും ക്ലോറൈഡിന്റെയും മിശ്രിതമാണ് ഈ പൊടിയെന്നാണ് കരുതപ്പെടുന്നത്. സ്‌ഫോടനത്തിന് ശേഷം പ്രദേശത്ത് രാസവസ്തുക്കളുടെ രൂക്ഷ ഗന്ധമുണ്ടായിരുന്നു.

