കോഴിക്കോട്: കൊയിലാണ്ടിയിലെ വ്യാജ എടിഎം കവർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതി തട്ടിയെടുത്ത പണം സൂക്ഷിച്ചത് വടകര വില്ല്യാപ്പള്ളി മസ്‍ജിദിൽ. കേസിലെ മുഖ്യ സൂത്രധാരനായ താഹ മുസല്ല്യാർ കടം വീട്ടിയ അഞ്ച് ലക്ഷം രൂപയൊഴികെ ബാക്കി മുഴുവൻ തുകയും സൂക്ഷിച്ചത് മസ്ജിദിലാണ്. ഇതോടെ തട്ടിയെടുത്ത 72ലക്ഷത്തിൽ 42 ലക്ഷം രൂപ താഹയിൽ നിന്നും കണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞു.
ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് പോലീസ് സംഘം സുഹൈലിനെ കസ്റ്റഡിയിൽ എടുക്കുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തുക്കളോടൊപ്പം തട്ടിപ്പ് നടത്തിയ 37 ലക്ഷത്തിയോളം രൂപ ഒളിപ്പിച്ചത് പള്ളിയുടെ ടെറസിന് മുകളിലാണെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.
രാത്രി പത്ത് മണിയോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം താഹയുമായി പള്ളിയിലെത്തി പണം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
രണ്ട് മാസം മുൻപ് വില്ല്യാപ്പള്ളി മലാറക്കൽ ജുമാ മസ്ജിദ് പള്ളി മഹല്ലിലെ ഒരു വിശ്വാസിയിൽ നിന്ന് താഹ അഞ്ച് ലക്ഷം രൂപ വായ്പയായി വാങ്ങിയിരുന്നു.
ആറുമാസമായി പള്ളിയുടെ പരിപാലന ചുമതലയുള്ള താഹയെ വിശ്വസിച്ചാണ് ഇത്ര വലിയ തുക അയാൾ നൽകിയത്. കവർച്ച പണം ലഭിച്ച ശേഷം ഇയാൾ ശനിയാഴ്ച കടം വാങ്ങിയ മുഴുവൻ തുകയും തിരിച്ച് നൽകുകയായിരുന്നു.
പയ്യോളി സ്വദേശിയായ സുഹൈൽ, സുഹൃത്ത് താഹ, തിക്കോടി പുതിയവളപ്പിൽ മുഹമ്മദ് യാസിർ പി.വി (20) എന്നിവരാണ് പ്രതികൾ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത് പ്രകാരം 7240000 രൂപയാണ് നഷ്‌ടമായിട്ടുള്ളത്. ബാക്കി പണം എവിടെ എന്നതിൽ വ്യക്തത ലഭിക്കാത്തതിനാൽ തുടർ അന്വേഷണങ്ങൾക്കായി മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ സാധ്യതയുണ്ട്.
ഇതുസംബന്ധിച്ച് ഇനിയും കൂടുതൽ പേർക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കും.
കൊയിലാണ്ടിയിൽ നിന്നും പണവുമായി അരിക്കുളം കുരുടിമുക്കിലേക്ക് പോകവെ വഴിയിൽവെച്ച് പർദ്ദാ ധാരികളായ ഒരു സംഘം ആക്രമിച്ച് ശരീരത്തിൽ മുളക് പൊടി വിതറുകയും തലയ്ക്ക് മർദ്ദിക്കുകയും ചെയ്‌ത് ബോധം കെടുത്തി പണം തട്ടിയെന്നായിരുന്നു സുഹൈൽ പൊലീസിനോട് പറഞ്ഞത്.
എന്നാൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ തട്ടിപ്പാണെന്നും താഹയാണ് കുറ്റകൃത്യം ആസൂത്രണം ചെയ്‌തതെന്നും കണ്ടെത്തുകയായിരുന്നു.
ഡി.വൈ.എസ്.പി.ആർ.ഹരിപ്രസാദ്, സി.ഐ.ശ്രീലാൽ ചന്ദ്ര ശേഖർ, എസ്.ഐ. ജിതേഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Discussion about this post