മോസ്‌കോ: ബുധനാഴ്ച റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും ഉഭയകക്ഷി ചർച്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി ചൊവ്വാഴ്ച അറിയിച്ചു.
കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) പട്രോളിംഗ് സംബന്ധിച്ച് ഇന്ത്യയും ചൈനയും ധാരണയിലെത്തിയതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നാല് വർഷത്തിലേറെയായി തുടരുന്ന സൈനിക പോരാട്ടത്തിന് അറുതി വരുത്തുന്നതിലെ ഒരു പ്രധാന വഴിത്തിരിവായിരിക്കും ഈ കൂടികാഴ്ചയെന്നാണ് വിലയിരുത്തൽ.
അടുത്ത കാലത്തായി ചൈനയും ഇന്ത്യയും, ചൈന-ഇന്ത്യ അതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ അടുത്ത ആശയവിനിമയത്തിലാണ്. ഇപ്പോൾ, പ്രസക്തമായ കാര്യങ്ങളിൽ ഇരുപക്ഷവും ഒരു തീരുമാനത്തിലെത്തി.ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ ചൊവ്വാഴ്ച പറഞ്ഞു.
ഏഷ്യയിലെ ഈ രണ്ടു ഭീമൻ രാജ്യങ്ങൾ വീണ്ടും സഹകരിക്കാൻ തീരുമാനിച്ചാൽ ലോക സമ്പദ് വ്യവസ്ഥയെയും, ലോകക്രമത്തെയും നിർണായകമായി ബാധിക്കുന്ന ഒരു വഴിത്തിരിവിലേക്കാണ് ഇരു രാജ്യങ്ങളും എത്തുക.

