മുംബൈ: ദീപാവലി ആഘോഷത്തിന് മുന്നോടിയായി പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തി ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ചരക്ക് സേവന നികുതി, റെസ്റ്റോറൻ്റ് നിരക്കുകൾ, ഡെലിവറി ഫീസ് എന്നിവ കൂടാതെ ഓരോ ഭക്ഷണ ഓർഡറിനും ബാധകമായ അധിക ചാർജാണ് പ്ലാറ്റ്ഫോം ഫീസ്. 7 രൂപയിൽ നിന്ന് 10 രൂപയാണ് പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചിരിക്കുന്നത്.
ഓരോ തവണ ഓർഡർ ചെയ്യുമ്പോഴും 10 രൂപ ഇനി അധികമായി നൽകേണ്ടി വരും. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് അവതരിപ്പിച്ചത്. ഡെലിവറി നിരക്കുകൾക്ക് പുറമെയാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത്. അതേസമയം സൊമാറ്റോ ഗോൾഡ് അംഗങ്ങൾ ഡെലിവറി ചാർജ് നൽകേണ്ടതില്ല. എന്നാൽ അവർ പ്ലാറ്റ്ഫോം ഫീസ് നൽകേണ്ടിവരും.
സൊമാറ്റോ എട്ടുമാസത്തിനിടെ പ്ലാറ്റ്ഫോം ഫീസ് ഇനത്തിൽ നേടിയത് 83 കോടി രൂപയാണ്. ഇതിലൂടെ കമ്പനിയുടെ വരുമാനം 27 ശതമാനം വരെ ഉയർന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 7793 കോടി രൂപ ആയതായാണ് റിപ്പോർട്ട്.
സൗജന്യ ഡെലിവറി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഗോൾഡ് ഓർഡറുകളിലെ കുറഞ്ഞ ഡെലിവറി ചാർജുകൾക്ക് നഷ്ടപരിഹാരം നൽകിക്കൊണ്ട് ലാഭക്ഷമത വർദ്ധിപ്പിക്കാനാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്. രാത്രി വൈകിയുള്ള ഓർഡറുകൾ ഡൽഹിയിൽ നിന്നാണെന്നും പ്രഭാതഭക്ഷണ ഓർഡറുകൾ ഏറ്റവും കൂടുതൽ ബെംഗളുരുവിൽ നിന്നാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയും ഓർഡറുകൾക്ക് പ്ലാറ്റ്ഫോം ഫീസ് ഈടാക്കുന്നുണ്ട്
Discussion about this post