കസാൻ: യുദ്ധത്തെയല്ല, സംഭാഷണങ്ങളെയും നയതന്ത്രത്തെയുമാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെന്ന് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഭീകരവാദത്തെയും ഭീകരവാദത്തിന് ഫണ്ട് നൽകുന്നതിനെയും എതിർക്കാൻ അംഗരാജ്യങ്ങൾക്കിടയിൽ ഏകകണ്ഠവും ശക്തവുമായ സഹകരണത്തിന് ബ്രിക്സ് ഉച്ചകോടിയിൽ അദ്ദേഹം ആഹ്വാനം ചെയ്തു.
ഇത്രയും ഗുരുതരമായ വിഷയത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ലെന്നും റഷ്യയിലെ കസാനിൽ നടക്കുന്ന ഉച്ചകോടിയിൽ തീവ്രവാദത്തിന്റെ വെല്ലുവിളി എന്ന വിഷയത്തിൽ സംസാരിക്കവെ മോദി പറഞ്ഞു. ഞങ്ങൾ യുദ്ധത്തെയെല്ല, സംഭാഷണങ്ങളെയും നയതന്ത്രത്തെയുമാണ് പിന്തുണക്കുന്നതെന്ന് പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെയും റഷ്യ – യുക്രെയ്ൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ അദ്ദേഹം വ്യക്തമാക്കി.
യുവാക്കൾ തീവ്രവാദ ചിന്തകളിലേക്ക് മാറുന്നത് തടയാൻ സജീവമായ നടപടികൾ എടുക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ‘ബ്രിക്സ്’ വിഭജനമല്ല, പൊതുതാൽപ്പര്യമുള്ള സംഘമാണ് എന്ന സന്ദേശം നാം ലോകത്തിന് നൽകണമെന്നും മോദി കൂട്ടിച്ചേർത്തു.
36 രാജ്യങ്ങളാണ് റഷ്യയിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയെ ഒറ്റപ്പെടുത്താൻ അമേരിക്ക ശ്രമിക്കുന്നതിനിടെയാണ് ഇത്രയുമധികം രാജ്യങ്ങൾ ഉച്ചകോടിയുടെ ഭാഗമാകുന്നത്. റഷ്യയും വളരെ പ്രാധാന്യത്തോടെയാണ് ഉച്ചകോടിയെ കാണുന്നത്.
ബ്രിക്സിന്റെ തുടക്കത്തിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളാണ് സഖ്യത്തിലുണ്ടായിരുന്നത്. പിന്നീട് ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇതിന്റെ ഭാഗമായി. തുർക്കി, അസർബൈജാൻ, മലേഷ്യ എന്നീ രാജ്യങ്ങൾ ബ്രിക്സിൽ അംഗമാകാൻ ഔദ്യോഗികമായി അപേക്ഷ നൽകിയിട്ടുണ്ട്. കൂടാതെ മറ്റു പല രാജ്യങ്ങളും താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

