ആലപ്പുഴ: ഇത്തവണത്തെ ശബരിമല തീർഥാടനത്തിനായി റെയിൽവേ 300 സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഡോ മനീഷ് തപ്ലയാൽ. ചെങ്ങന്നൂരിൽ ശബരിമല അവലോകന യോഗത്തിലാണ് ഡിവിഷണൽ മാനേജർ ഇക്കാര്യം അറിയിച്ചത്. ശബരിമല തീർഥാടനം സുഗമമാക്കുന്നതിനായി രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്ന് കോട്ടയം വഴിയും പുനലൂർ വഴിയുമാണ് സർവ്വീസുകൾ ഉണ്ടാവുക.
ശബരിമല തീർഥാടകർക്കായി കോട്ടയം വഴിയും മധുര പുനലൂർ വഴിയും കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കഴിഞ്ഞയാഴ്ച കേന്ദ്ര റെയിൽവേ മന്ത്രി, സഹമന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരെ കണ്ട് അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെ ചേർന്ന ശബരിമല തീർഥാടനത്തിനോടനുബന്ധിച്ചുള്ള അവലോകനയോഗത്തിലാണ് തിരുവനന്തപുരം ഡിവിഷണൽ മാനേജർ 300 പ്രത്യേക തീവണ്ടികൾ എത്തുമെന്ന് അറിയിച്ചത്.
ശബരിമല തീർഥാടനം തുടങ്ങും മുൻപ് വിവിധ വകുപ്പുകൾ ചെയ്യേണ്ട ജോലികൾ പൂർത്തിയാക്കണമെന്ന് മന്ത്രി സജി ചെറിയാൻ നിർദേശിച്ചു. ചെങ്ങന്നൂരിലെത്തുന്ന തീർഥാടകർക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുമുണ്ടാകാൻ പാടില്ല. അവലോകന യോഗത്തിലെടുത്ത തീരുമാനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. ശുചീകരണ പ്രവർത്തനമുൾപ്പെടെ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.
ശബരിമല തീർഥാടകരെ വരവേൽക്കുവാൻ കേന്ദ്ര – സംസ്ഥാന സർക്കാർ സംവിധാനങ്ങൾ പൂർണ്ണസജ്ജമാണ്. തീർഥാടകർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇൻഷുറൻസ് ഏർപ്പെടുത്തിയത് സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു. ഭക്തജനങ്ങളുടെ പ്രധാന ആവശ്യങ്ങൾ പരിഗണിക്കുവാൻ റയിൽവേ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post