കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ബസ് പൂർണമായും കത്തി നശിച്ചുവെങ്കിലും ആർക്കും പരിക്കില്ല. പൊള്ളാച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന സർക്കാർ ബസിനാണ് തീപിടിച്ചത്. പുക പടരുന്നത് കണ്ട ഡ്രൈവർ ഉടനെ ബസ് നിർത്തി തീ പടരുന്നതിന് മുൻപേ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ബസ് ഒതക്കൽ മണ്ഡപം ഭാഗത്ത് എത്തിയപ്പോഴായിരുന്നു സംഭവം. 50 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിൻ്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടനെ വാഹനം നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. പിന്നാലെ ബസ് മുഴുവനായും തീപടർന്നു. വിവരം അറിയിച്ച ഉടനെ ഫയർ ആൻഡ് റസ്‌ക്യൂ സർവീസ് സംഘം സംഭവസ്ഥലത്തെത്തി. അരമണിക്കൂറോളമെടുത്താണ് തീയണച്ചത്.
തീപിടിത്തം ഉണ്ടാകാനുള്ള കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. സമയോചിതമായ ഇടപെടൽ നടത്തിയ ബസ് ഡ്രൈവറേയും കണ്ടക്ടറേയും ജില്ലാ ഭരണകൂടം അഭിനന്ദിച്ചു.
Discussion about this post