വാഷിങ്ടൺ ഡിസി: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. 31 വർഷങ്ങൾ മുമ്പ് നടന്ന സംഭവത്തിലാണ് മുൻ മോഡൽ സ്റ്റേസി വില്യംസ് ട്രംപിനെതിരെ ആരോപണം ഉന്നയിച്ചത്. കമല ഹാരിസിനെ പിന്തുണയ്ക്കുന്ന ‘സർവൈവേഴ്‌സ് ഫോർ കമല’ എന്ന ഗ്രൂപ്പ് സംഘടിപ്പിച്ച ഓൺലൈൻ മീറ്റിങ്ങിലാണ് യുവതിയുടെ തുറന്ന് പറച്ചിൽ.
1993ൽ ട്രംപ് ടവറിൽ വെച്ച് ഡൊണാൾഡ് ട്രംപ് തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നാണ് സ്റ്റേസിയുടെ ആരോപണം. 1992 ലെ ക്രിസ്തുമസ് പാർട്ടിയിലാണ് ട്രംപിനെ ആദ്യമായി കാണുന്നത്. അന്തരിച്ച ജെഫ്രി എപ്സ്റ്റീൻ ആണ് തന്നെ ട്രംപിന് പരിചയപ്പെടുത്തിയതെന്ന് സ്റ്റേസി പറഞ്ഞു. അക്കാലത്ത് ട്രംപും എപ്സ്റ്റീനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും കൂടുതൽ സമയവും ഒരുമിച്ച് ചിലവഴിച്ചിരുന്നുവെന്നും സ്റ്റേസിയെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ട്രംപ് തന്നെ കടന്നുപിടിക്കുകയും ലൈംഗികചുവയോടെ ശരീരത്തിൽ സ്പർശിക്കുകയുമായിരുന്നുവെന്നും സ്റ്റേസി പറഞ്ഞു. എപ്സ്റ്റീനും ട്രംപും ചേർന്ന് ആസൂത്രണം ചെയ്താണ് തനിക്കെതിരെ അതിക്രമം നടത്തിയതെന്നും സ്റ്റേസി പറഞ്ഞു.
ഇത്തരം ലൈംഗികാതിക്രമങ്ങൾ വെളിപ്പെടുത്തിയ മറ്റ് ഇരകൾക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾ ഇല്ലാതിരിക്കാൻ വേണ്ടിയാണ് ഇത്രയുംകാലം വിഷയത്തിൽ പ്രതികരിക്കാതിരുന്നതെന്നും സ്റ്റേസി പറഞ്ഞു. തന്റെ ജീവിതം സ്വകാര്യമാക്കി വെക്കുന്നതാണ് താത്പര്യം. സ്വമേധയാ എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീടാണ് ഇത്തരം ലൈംഗികതിക്രമങ്ങൾ വെളിപ്പെടുത്തിയ സ്ത്രീകൾ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് മനസിലാക്കുന്നത്. അത് വല്ലാതെ ഭയപ്പെടുത്തുകയും അസ്വസ്ഥയാക്കുകയും ചെയ്തുവെന്നും സ്റ്റേസി പറഞ്ഞു. ആരോപണം തള്ളി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post