ചെന്നൈ: ഒരു കാലത്ത് ഇന്ത്യൻ സംഗീത ലോകത്ത് എആർ റഹ്മാൻ സംഗീതം സൃഷ്ടിച്ച ഓളം ചെറുതായിരുന്നില്ല. അങ്ങനെ എ.ആർ റഹ്‌മാന് പകരക്കാരനില്ല എന്ന് വിധിയെഴുതിയ സമയത്താണ് അനിരുദ്ധ് രവിചന്ദ്രർ എന്ന പുതിയ സംഗീത സംവിധായകൻ ഉയർന്നുവരുന്നത്. രജനീകാന്തിന്റെ ജയിലറിലെ അടക്കം, ഹിറ്റ് സോങ്ങുകൾ അനിരുദ്ധിന്റെ കീർത്തി ഉയർത്തി. ഇപ്പോൾ തമിഴകസോഷ്യൽ മീഡിയയിൽ റഹ്‌മാന്റെയും, അനിരുദ്ധിന്റെയും ആരാധകർ ചേരിതിരിഞ്ഞ് എറ്റുമുട്ടുകയാണ്. ചെന്നൈയിൽ ഒരു മ്യൂസിക്ക് ഷോക്കിടെ ആരാധർ ചേരി തിരിഞ്ഞ് ഏറ്റമുട്ടിയതും വാർത്തയായിരുന്നു.
നേരത്തെ കമലഹാസന്റെ ഇന്ത്യൻ 2-വിൽനിന്ന് എ ആർ റഹ്‌മാനെ ഒഴിവാക്കി പകരം അനിരുന്ധ് രവിചന്ദറിനെ നിശ്ചയിച്ചെന്ന് വാർത്തവന്നതോടെ, ഇരുവരുടെയും ആരാധകർ തമ്മിൽ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടിയിരുന്നു. അനിരുദ്ധ് പ്രതിഫലം പത്തുകോടിയാക്കിയതോടെ, റഹ്‌മാനും പ്രതിഫലം 8ൽനിന്ന് പത്തുകോടിയിലേക്ക് ഉയർത്തി. ഷാറുഖ് ഖാൻ ചിത്രം ജവാന് വേണ്ടിയാണ് അനിരുദ്ധ് 10 കോടി രൂപ പ്രതിഫലം വാങ്ങി ബോളിവുഡിലേക്ക് കാലെടുത്തുവെച്ചത്.
പക്ഷേ ഇത് സംഗീത ലോകത്ത് വമ്പൻ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. അനിരുദ്ധിന്റെ ചിത്രങ്ങൾ തുടർച്ചയായി വിജയിക്കുന്നതുകൊണ്ടാണ് അയാൾ പ്രതിഫലം ഉയർത്തുന്നത്. എന്നാൽ അടുത്തകാലത്തായി എ.ആർ.റഹ്‌മാന്റെ ഗാനങ്ങളും ബിജിഎമ്മുമൊന്നും പഴയപോലെ എൽക്കുന്നില്ല. എന്നിട്ടും ഒരു പാട്ട് പാടുന്നതിന് റഹ്‌മാൻ കൈപ്പറ്റുന്നത് 10 കോടിയോളം രൂപയാണ്. ഇത് കുറയ്ക്കണമെന്ന് നിർമ്മാതാക്കളും വിതരണക്കാരും ആവശ്യപ്പെട്ടതും വാർത്തയായിരുന്നു. ഇപ്പോഴിതാ അനിരുദ്ധ് വീണ്ടും പ്രതിഫലം ഉയർത്തിയതിന്റെ വാർത്തകളാണ് പുറത്തുവരുന്നത്.
ത്രീ എന്ന ധനുഷ് സിനിമയിലൂടെയാണ് അനിരുദ്ധ് സംഗീത സംവിധായകനായി അരങ്ങേറുന്നത്. ഈ സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ് ആയിരുന്നു എന്ന് മാത്രമല്ല കൊലവെറി എന്ന ഗാനം വലിയ രീതിയിൽ ആഗോള പ്രശസ്തിയും നേടിയിരുന്നു. നിരവധി ആളുകൾ ആയിരുന്നു ഇതിനെ ഒരുതവണത്തെ പ്രതിഭാസം എന്ന് വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ പിന്നീട് നമ്മൾ കണ്ടത് അനിരുദ്ധ് എന്ന സംഗീത സംവിധായകന്റെ മാജിക് തന്നെയാണ്. തൊട്ടതെല്ലാം എല്ലാം പൊന്നാക്കിയ സംവിധായകൻ ആണ് ഇദ്ദേഹം. ജയിലർ സിനിമയിലെ അയാളുടെ ‘കാവാലയ’ പാട്ട് മുമ്പ് എ ആർ റഹ്‌മാന്റെ ‘മുക്കാലാ മുക്കാബാല’യൊക്കെ അലയടിച്ചതുപോലെ, കാശ്മീർ മുതൽ കന്യാകുമാരി വരെ ഹിറ്റായിരിക്കയാണ്.
ഇന്ന് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള സംഗീതസംവിധായകരിൽ ഒരാളാണ് 32 കാരനായ ഈ അവിവാഹിതൻ. എത്ര മോശം സിനിമയാണെങ്കിലും ഇദ്ദേഹത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഉണ്ടെങ്കിൽ അത് കണ്ടിരിക്കാൻ പറ്റുന്ന സിനിമയായി മാറും എന്നാണ് പ്രേക്ഷകർ പറയാറുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോൾ ഇദ്ദേഹം പ്രതിഫലം കുത്തനെ ഉയർത്തിയിരിക്കുകയാണ്. ഒരു സിനിമയ്ക്ക് 20 കോടിയാണ് അനിരുദ്ധ് പ്രതിഫലമായി വാങ്ങുന്നത്.
പത്തു വയസു മുതൽ സ്വന്തമായി വരികൾ ചിട്ടപ്പെടുത്തി തുടങ്ങിയിട്ടുണ്ട് അനിരുദ്ധ്. എ.ആർ റഹ്‌മാനായിരുന്നു പ്രചോദനം. ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസികിൽ ചേർന്ന് പിയാനോ പഠിച്ചു. ചെന്നൈയിലെ സൗണ്ട്ടെക് മീഡിയ ഓഡിയോ എൻജിനീറിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സൗണ്ട് എൻജിനീയറിങ്ങും പഠിച്ചു. സ്‌കൂൾ പഠനകാലത്ത് എ.ആർ. റഹ്‌മാൻ ജഡ്ജായിരുന്ന ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്ത് പുരസ്‌കാരം വാങ്ങിയത് വഴിത്തിരിവായി. ഈ ജീവിതം സംഗീതവഴിയിൽ തന്നെയെന്നുറപ്പിച്ച നിമിഷമായിരുന്നു അത്. പിന്നെ കുറേക്കാലം റഹ്‌മാന്റെ അസിസ്റ്റന്റുമായി. അങ്ങനെ ഇരിക്കെയാണ് ബന്ധുകൂടിയായ ഐശ്വര്യ രജനീകാന്ത് ഒരു സിനിമയെടുത്തത്. അത് ഒരു പുതിയ സംഗീത പ്രതിഭയുടെ ഉദയമായി. ‘ത്രീ’യ്ക്കുവേണ്ടി അനിരുദ്ധ് എന്ന ചെറുപ്പക്കാരൻ സംഗീതമിട്ട് ധനുഷ് പാടിയ ‘വൈ ദിസ് കൊലവെറി സോംഗ് തരംഗമായതാണ് അയാൾക്ക് ബ്രേക്ക് ആയത്.
Discussion about this post