മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിനെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയകളിൽ നടന്നു കൊണ്ടിരിക്കുന്നത്. ആലിയ ബൊട്ടോക്‌സ് അടക്കമുള്ള കോസ്മറ്റിക് സർജറികൾക്ക് വിധേയയായെന്നും അത് പാളിപോയെന്നും പിന്നാലെ മുഖം കോടിപ്പോയെന്നുമൊക്കെ തരത്തിലാണ് വ്യാപക പ്രചരണമുണ്ടായത്.
ഇപ്പോഴിതാ തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ആലിയ ഭട്ട്. തൻറെ സംസാര രീതിയേയും ചിരിയെയും പരിഹസിക്കുന്ന വീഡിയോകൾക്കെതിരെയാണ് ആലിയ ഇപ്പോൾ രംഗത്തത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ആലിയയുടെ പ്രതികരണം.
‘കോസ്മറ്റിക് സർജറി ചെയ്യുന്നവരെ ഒരു തരത്തിലും ജഡ്ജ് ചെയ്യുന്നില്ല, നിങ്ങളുടെ തിരഞ്ഞെടുപ്പാണത്. പക്ഷെ ഞാൻ ബൊട്ടോക്‌സ് ചെയ്ത് പാളിപ്പോയെന്നും എന്റെ ചിരി ശരിയല്ലെന്നും സംസാരത്തിൽ പ്രശ്‌നമുണ്ടെന്നും പറയുന്ന ഒരുപാട് വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഇത് ഒരു മനുഷ്യന്റെ മുഖത്തെക്കുറിച്ചുള്ള അതിസൂക്ഷ്മമായ ജഡ്ജ്‌മെന്റാണ്. എന്റെ ഒരു വശം തളർന്നു പോയെന്ന് നിങ്ങളിപ്പോൾ ശാസ്ത്രീയമായി വിശദീകരിക്കുകയാണ്. നിങ്ങളെന്താ തമാശ പറയുകയാണോ? ഒരു തെളിവുമില്ലാതെ, ഉറപ്പുമില്ലാതെ നിങ്ങൾ എന്തിനാണ് ഇങ്ങനെ പറയുന്നത്? ക്ലിക്ക്‌ബൈറ്റിന് വേണ്ടിയല്ലേ? ശ്രദ്ധിക്കപ്പെടാനല്ലേ? അല്ലാതെ ഇതിലൊന്നും ഒരു കാര്യവുമില്ല’- ആലിയ കുറിച്ചു.
സ്ത്രീകളെ തങ്ങളുടെ മുഖത്തിൻറെയും ശരീരത്തിൻറെയും വ്യക്തി ജീവിതത്തിൻറെയും എന്തിന് ശരീര ഭാഗങ്ങളുടേയും പേരിൽ വിമർശിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയയെയും അവർ ചോദ്യം ചെയ്തു. ‘നമ്മൾ വ്യക്തിത്വം ആഘോഷിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ മൈക്രോസ്‌കോപ്പിലൂടെ നോക്കി കീറി മുറിക്കുകയല്ല. ഏറ്റവും സങ്കടകരമായ കാര്യമെന്തെന്നോ? സ്ത്രീകളിൽ നിന്നു തന്നെ ഇത്തരം വിധിക്കലുകൾ ഉണ്ടാകുന്നുവെന്നതാണ്. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ എന്ന് പറയുന്നതിനൊന്നും യാതൊരു വിലയുമില്ലേ?’- ആലിയ തൻറെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കുറിച്ചു.
Discussion about this post