ബെർളിൻ: പ്രിയപ്പെട്ടവരുമായുള്ള സ്വകാര്യ നിമിഷം ലീക്കാകുമെന്നോ, ആ മനോഹര നിമിഷങ്ങൾ പങ്കാളി പകർത്തി പ്രചരിപ്പിക്കുമെന്നോ ഇനി പേടിക്കേണ്ട. ജർമൻ കോണ്ടം കമ്പനിയായ ബില്ലി ബോയ് ആണ് ഇത്തരം ആശങ്കകൾക്ക് പരിഹാരവുമായി രംഗത്തുവന്നിരിക്കുന്നത്. സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്യുന്നതും അതു പ്രചരിപ്പിക്കുകയും ചെയ്യുന്നത് തടയുക എന്ന ലക്ഷ്യമിട്ട് ‘കാംഡോം’ എന്ന പേരിലാണ് ഡിജിറ്റൽ കോണ്ടം ആപ്പ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
കോണ്ടം കമ്പനിയായ ബില്ലി ബോയ്, ഇന്നോഷ്യൻ ബെർലിനുമായി സഹകരിച്ചാണ് ഡിജിറ്റൽ സ്വകാര്യത ലംഘനങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ആപ്പ് പുറത്തിറക്കിയത്. സ്വകാര്യ വേളകളിൽ ഈ ആപ്പ് ഓൺ ചെയ്യുന്നതിലൂടെ അനധികൃത വീഡിയോ ചിത്രീകരണം, മൈക്രോഫോൺ റെക്കോർഡിങ് എന്നിവ തടയുന്നതിന് ബ്ലൂടൂത്ത് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാംഡോം പ്രവർത്തിക്കും. ആപ്പ് വികസിപ്പിച്ചെടുത്ത ഫെലിപ്പ് അൽമേഡ അടുത്തിടെ കാംഡോമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. “സ്‌മാർട്ട്‌ഫോണുകൾ ഇന്ന് നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. അവയിൽ വളരെയധികം സെൻസിറ്റീവ് ഡാറ്റകൾ നാം സൂക്ഷിച്ചുവക്കുന്നു. സമ്മതമില്ലാത്ത സ്വകാര്യ നിമിഷങ്ങൾ റെക്കോർഡിംഗിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കുന്നതിന്, ബ്ലൂടൂത്ത് ഉപയോഗിച്ച് നിങ്ങളുടെ ക്യാമറയും മൈക്കും ബ്ലോക്ക് ചെയ്യാൻ കഴിയുന്ന ആദ്യത്തെ ആപ്പാണ് ഞങ്ങൾ സൃഷ്‌ടിച്ചത്’’- ഫെലിപ്പ് അൽമേഡ പറഞ്ഞു.
കാംഡോം പ്രവർത്തിപ്പിക്കാൻ വളരെ എളുപ്പമാണ്. സ്വകാര്യ നിമിഷങ്ങൾക്ക് മുൻപ് പങ്കാളികൾ സ്‌മാർട്ട്‌ഫോണുകൾ അടുത്തടുത്ത് വയ്ക്കുകയും ബ്ലോക്ക് ആക്ടീവാക്കാൻ അപ്ലിക്കേഷനിലെ വെർച്വൽ ബട്ടൺ താഴേക്ക് സ്വൈപ്പ് ചെയ്യുകയുംവേണം. ബ്ലോക്ക് ലംഘിച്ച് വീഡിയോയോ ഓഡിയോയോ റെക്കോർഡ് ചെയ്യാൻ എന്തെങ്കിലും ശ്രമമുണ്ടായാൽ അലാറം മുഴങ്ങും. ഒരേസമയം ഒന്നിലധികം ഉപകരണങ്ങളെ തടയാനും ആപ്പിന് കഴിയും.
റിവഞ്ച് പോൺ എന്നറിയപ്പെടുന്ന സ്വകാര്യ നിമിഷങ്ങളുടെ വീഡിയോകൾ പുറത്ത് വിടുന്ന സംഭവങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കമ്പനി ഇത്തരമൊരു ആശയവുമായി മുന്നോട്ടുവന്നത്. സെലിബ്രിറ്റികൾ മുതൽ സാധാരണ വ്യക്തികൾ വരെ എല്ലാവരേയും ഒരേപോലെ ബാധിച്ചിട്ടുള്ള ഒന്നാണ് റിവഞ്ച് പോൺ. പോർച്ചുഗലിലെ എഗാസ് മോനിസ് സ്കൂൾ ഓഫ് ഹെൽത്ത് സയൻസ് നടത്തിയ പഠനങ്ങളിൽ റിവഞ്ച് പോൺ വിഷാദം, ഉത്കണ്ഠ, സാമൂഹികമായ ഉൾവലിയൽ എന്നിവ ഉൾപ്പെടെയുള്ള മാനസിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നുവെന്ന് പറയുന്നു.
Discussion about this post