പാലക്കാട്: പാലക്കാട്ടെ ബിജെപി കൺവൻഷനിലെത്തി മുതിർന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഈ പാർട്ടിയ്ക്ക് കേരളത്തിൽ ഒരു മുഖ്യമന്ത്രിയുണ്ടാകുന്ന കാലംവരെ പ്രവർത്തിക്കാൻ ആരോഗ്യം തരണേ എന്നാണ് പ്രാർത്ഥനയെന്ന് കൺവെൻഷനിൽ സംസാരിക്കവെ ശോഭ സുരേന്ദ്രൻ പറഞ്ഞു.
‘സ്ഥാനാർത്ഥിത്വത്തിന് വേണ്ടി അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല താൻ. മത്സരിക്കുന്നില്ല എന്ന് പറഞ്ഞ ആളാണ്. തന്നെ സ്ഥാനാർത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് വേദനാജനകമാണ്. പത്തുപേര് തികച്ച് ബിജെപിയ്ക്ക് ഇല്ലാതിരുന്ന കാലത്ത് ഈ പാർട്ടിയിൽ പ്രവർത്തിച്ച് തുടങ്ങിയതാണ്. ഈ പാർട്ടിയ്ക്ക് കേരളത്തിൽ ഒരു മുഖ്യമന്ത്രിയുണ്ടാകുന്ന കാലംവരെ പ്രവർത്തിക്കാൻ ആരോഗ്യം തരണേ എന്നാണ് പ്രാർത്ഥനയെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
താൻ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് പാലക്കാട് നടന്ന ആദ്യ യോഗത്തിൽ തന്നെ അറിയിച്ചതാണ്. പിന്നീട് വന്ന തന്റെ സ്ഥാനാർത്ഥിത്വ വാർത്തകൾ മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണ്. എന്നോടുള്ള സ്നേഹം കൊണ്ടായിരിക്കാം പക്ഷേ എന്നെ ഒരു സ്ഥാനാർത്ഥിത്വ മോഹിയാക്കി ചിത്രീകരിക്കരുത് എന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുകയാണ് എന്നും ശോഭ സുരേന്ദ്രൻ സൂചിപ്പിച്ചു.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും താൻ സ്ഥാനാർത്ഥിയാകാൻ ഇല്ല എന്ന് പാർട്ടിയോട് പറഞ്ഞിരുന്നു. എങ്കിലും ആലപ്പുഴയിലേക്ക് പാർട്ടി തന്നെ തിരഞ്ഞെടുത്തു. ഒരു സർജറി കഴിഞ്ഞ് ആശുപത്രിയിൽ നിന്നുമെത്തി ഇരുപത്തിയെട്ടാമത്തെ ദിവസമാണ് ആലപ്പുഴയിൽ പ്രചാരണത്തിനായി ഇറങ്ങിയത്. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആദ്യ യോഗത്തിൽ തന്നെ സ്ഥാനാർത്ഥിയാകാൻ ഇല്ല എന്ന് വ്യക്തമാക്കിയിരുന്നു. പക്ഷേ മാധ്യമ സുഹൃത്തുക്കൾ എന്നെ സ്ഥാനാർത്ഥിയാക്കാൻ ആയിത്തന്നെ നടക്കുകയാണ്. അങ്ങനെ ഒരു അധികാരമോഹിയാക്കി തന്നെ ചിത്രീകരിക്കരുത് എന്നാണ് അപേക്ഷ എന്നും ശോഭ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
Discussion about this post