പാരിസ്: മികച്ച ഫുട്‌ബോൾ താരത്തിനുള്ള വിഖ്യാത പുരസ്കാരമായ ബാലൺ ഡി ഓർ മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിരതാരം റോഡ്രി സ്വന്തമാക്കി. റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെ പിന്നിലാക്കിയാണ് റോഡ്രിയുടെ നേട്ടം. വനിതാ ബാലൻ ഡി ഓർ പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും സ്‌പാനിഷ് താരം അയ്റ്റാന ബോൺമാറ്റി നേടി.
2023 ഓഗസ്റ്റ് ഒന്ന് മുതൽ 2024 ജൂലായ് 31 വരെയുള്ള കാലയളവിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് പുരസ്കാരം. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് അർജൻറീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയോ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോയോ ഇല്ലാത്ത അന്തിമപട്ടിക. സ്‌പെയ്‌നിന് വേണ്ടി യൂറോ കപ്പും മാഞ്ചസ്‌റ്റർ സിറ്റിക്കായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവും ചൂടിയാണ് റോഡ്രി ബാലൺ ഡി ഓറിൻറെ താരമായത്. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു താരത്തിൻറേത്. യൂറോയിലെ മികച്ച താരവും ഇത്തവണ മറ്റാരുമായിരുന്നില്ല.
Spain rules the 2024 Ballon d’Or! 🤩#ballondor pic.twitter.com/1hkDMpaEvT
— Ballon d’Or (@ballondor) October 28, 2024
ഇത്തവണത്തെ ബാലൺ ഡി ഓറിൽ സാധ്യത കൽപ്പിച്ചിരുന്നത് റയൽ മാഡ്രിഡിൻറെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിനെയായിരുന്നു. കഴിഞ്ഞ സീസണിൽ റയലിനായി 24 ഗോളാണ് താരം നേടിയത്. സ്‌പാനിഷ് ലീഗും ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ നേടുന്നതിലും നിർണായക പങ്ക് വഹിച്ചു. ചാമ്പ്യൻസ് ലീഗിൽ ആറ് ഗോളും നേടി.
വിനീഷ്യസിനെ ഒഴിവാക്കിയെന്ന് ആരോപിച്ച് റയൽ മാഡ്രിഡ് താരങ്ങൾ ബാലൻ ഡി ഓർ ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ടീം റയലിനെയായിരുന്നു. റയലിന്റെ ജൂഡ് ബെല്ലിങ്ഹാമാണ് ബാലൻ ഡി ഓർ പട്ടികയിൽ മൂന്നാമത്. സിറ്റിയുടെ എർലിങ് ഹാലണ്ട് അഞ്ചാമതും, എംബാപ്പെ ആറാമതുമായി.
വനിതാ താരങ്ങളിൽ അയ്റ്റാന ബോൺമറ്റി തുടർച്ചയായി രണ്ടാം തവണയാണ് ബാലൺ ഡി ഓർ ഫെമിനിൻ പുരസ്കാരം നേടുന്നത്. വനിതാ ചാംപ്യൻസ് ലീഗിലും സ്പാനിഷ് ലീഗിലും ബാഴ്സിലോണകിരീടം നിലനിർത്തിയതും ബോൺമറ്റിയുടെ മികവിലായിരുന്നു. ബാഴ്സയിൽ അയ്റ്റാനയുടെ സഹതാരങ്ങളായ കരോളിൻ ഗ്രഹാം ഹാൻസൻ രണ്ടാം സ്ഥാനവും സൽമ പരാലുവേലോ മൂന്നാം സ്ഥാനവും നേടി.
മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാഴ്സലോണയുടെ സ്പാനിഷ് താരം ലമീൻ യമാൽ സ്വന്തമാക്കി. മികച്ച പരിശീലകൻ റയൽ മാഡ്രിഡിൻറെ കാർലോ ആൻസെലോട്ടിയാണ്. കഴിഞ്ഞ സീസണിൽ റയലിന് ചാമ്പ്യൻസ് ലീഗും സ്പാനിഷ് ലീഗും ആൻസെലോട്ടി സമ്മാനിച്ചിരുന്നു. ചെൽസിയുടെ എമ്മ ഹായെസ് ആണ് മികച്ച വനിതാ ടീം പരിശീലക. പുരുഷ ഫുട്ബോളിൽ മികച്ച ക്ലബിനും പരിശീലകനും സ്ട്രൈക്കർക്കുമുള്ള പുരസ്കാരങ്ങൾ റയലാണ് നേടിയതെങ്കിലും, വനീഷ്യസിനെ തഴഞ്ഞെന്നാരോപിച്ച് അവരാരും പുരസ്കാരം സ്വീകരിക്കാൻ എത്തിയില്ല. കഴിഞ്ഞ തവണ ലയണൽ മെസിയായിരുന്നു ബാലൻ ഡി ഓർ ജേതാവ്.
Discussion about this post