കണ്ണൂർ: കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ പോലീസ് പിടിയിൽ. കണ്ണപുരത്ത് നിന്നാണ് പോലീസ് പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാൻ പോകുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലായത്.
ദിവ്യയെ ചോദ്യം ചെയ്ത് നടപടികൾ പൂർത്തീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. തുടർ നടപടികൾക്ക് ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
‘കോടതി വിധി ഇന്ന് വന്നു. 38 പേജിന്റെ വിധിയാണ് വന്നത്. വിഷയം കോടതി പരിഗണനയിലായിരുന്നു. കോടതി മുൻകൂർ ജാമ്യ ഹർജി നിരസിച്ചു. തുടർന്ന് നമ്മുടെ ടീമിനെ അയച്ച് കസ്റ്റഡിയിലെടുത്തു. പി പി ദിവ്യക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ നൽകിയിരുന്നു. ചോദ്യം ചെയ്യാനുള്ള നോട്ടീസും അയച്ചിരുന്നു. പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ദിവ്യ. നടപടികൾ പൂർത്തിയായാൽ മറ്റ് കാര്യങ്ങൾ അറിയിക്കാം’, എന്നാണ് പൊലീസ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാൻ വൈകിയോ എന്ന ചോദ്യത്തിന് കമ്മീഷണർ മറുപടി നൽകിയത്.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയായിരുന്നു ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. ഒറ്റവാക്കിലായിരുന്നു കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Discussion about this post