ന്യൂഡൽഹി: ഗാൽവാൻ വാലി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ വിന്യസിച്ച സൈന്യത്തെ പിൻവലിച്ച് ഇന്ത്യയും ചൈനയും. കിഴക്കൻ ലഡാക്ക് സെക്ടറിലെ ദെപ്‌സാംഗ്, ദെംചോക്ക് മേഖലകളിൽ നിന്ന് ഇന്ത്യാ-ചൈന സേനകളുടെ പിന്മാറ്റം ഏറെക്കുറെ പൂർത്തിയായതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.
താത്‌കാലിക നിർമ്മിതികൾ പൊളിച്ച ശേഷമാണ് സേനാ പിന്മാറ്റം. പരസ്പര വിശ്വാസം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി 2020ൽ നിറുത്തിയ പട്രോളിംഗ് പുനരാരംഭിക്കലാണ് അടുത്ത നടപടി. പരസ്പര സഹകരണത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായി ഇരുവിഭാഗവും പരസ്‌പരം അറിയിച്ചും നിരീക്ഷിച്ചുമാണ് പിന്മാറ്റം.
താത്‌കാലിക നിർമ്മിതികൾ പൊളിച്ചതും സേനാ പിന്മാറ്റവും ഡ്രോണുകളുടെ സഹായത്തോടെയാണ് ഉറപ്പാക്കുന്നത്. 2020 ഏപ്രിലിലെ തൽസ്ഥിതി നിലനിറുത്താനാണ് ഇരുവിഭാഗത്തിന്റെയും തീരുമാനം. 10-15 സേനാംഗങ്ങൾ അടങ്ങിയ പട്രോളിംഗ് സംഘങ്ങൾ മാത്രമാകും മേഖലകളിലുണ്ടാകുക.
കഴിഞ്ഞയാഴ്‌ച റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും കൂടിക്കാഴ്ച നടത്തിയത് നടപടികൾക്ക് കൂടുതൽ ഊർജ്ജം പകർന്നു. 50 മിനിട്ടോളം നീണ്ട യോഗത്തിൽ, അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും പരിഹരിക്കാനും അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനും ഇരു നേതാക്കളും ധാരണയായി. അതിനു മുമ്പ് തന്നെ ഇരു രാജ്യങ്ങളുടെയും വിദേശ കാര്യ മന്ത്രിമാർ തമ്മിൽ ചർച്ചകൾ നടന്നിരുന്നു. അതിർത്തിയിൽ 75 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചതായും വിദേശ കാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു
Discussion about this post