അയോധ്യ: ശ്രീരാമ ജന്മഭൂമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തർപ്രദേശിലെ അയോധ്യയിലെ കുരങ്ങുകൾക്ക് ഭക്ഷണം നൽകാനുള്ള പദ്ധതിയിൽ പങ്കാളിയായി ബോളിവുഡ് നടൻ അക്ഷയ് കുമാർ. ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിൻറെ നേതൃത്വത്തിലുളഅള ആഞ്ജനേയ സേവാ ട്രസ്റ്റിൻറെ സംരംഭത്തിലേക്ക് ബോളിവുഡ് താരം ഒരു കോടി രൂപയാണ് സംഭവാന നൽകിയത്.
തൻറെ മാതാപിതാക്കളായ ഹരി ഓം, അരുണ ഭാട്ടിയ, പരേതനായ മുതിർന്ന നടൻ രാജേഷ് ഖന്ന എന്നിവരുടെ സ്മരണയ്ക്കായാണ് അക്ഷയ് കുമാർ സംഭാവന സമർപ്പിച്ചതെന്ന് അക്ഷയ് കുമാറിൻറെ ടീം അറിയിച്ചു. ഇവരുടെ ആദരസൂചകമായി കുരങ്ങുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വാനിൽ അവരുടെ പേരുകൾ ആലേഖനം ചെയ്യും.
ആഞ്ജനേയ സേവാ ട്രസ്റ്റിൻ്റെ സ്ഥാപക ട്രസ്റ്റി പ്രിയ ഗുപ്ത അക്ഷയ് കുമാറിന് നന്ദി പറഞ്ഞ് രംഗത്ത് എത്തി.“അക്ഷയ് എല്ലായ്പ്പോഴും അപാരമായ ദയയും ഔദാര്യവും കാണിച്ചിട്ടുണ്ട്. അദ്ദേഹം തൽക്ഷണം സംഭാവന നൽകുക മാത്രമല്ല, ഈ സേവനം തൻറെ കുടുംബത്തിൻറെ പൈതൃകമാണെന്ന് ഊന്നി പറയുകയും ചെയ്യും. ഈ സംഭവനയ്ക്കൊപ്പം കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നത് നഗരത്തിൽ ഒരു അസൗകര്യമോ മാലിന്യമോ ഉണ്ടാക്കരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സിനിമയിൽ അജയ് ദേവ്ഗൺ, രൺവീർ സിംഗ്, ടൈഗർ ഷ്രോഫ്, ദീപിക പദുക്കോൺ, കരീന കപൂർ ഖാൻ എന്നിവർക്കൊപ്പം അക്ഷയ് കുമാർ അഭിനയിക്കുന്ന രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ൻ ദീപാവലിക്ക് റിലീസ് ചെയ്യും. ഹൗസ്‌ഫുൾ 5, വെൽക്കം ടു ദി ജംഗിൾ, ഭൂത് ബംഗ്ല, സ്കൈ ഫോർസ് എന്നിവയാണ് അക്ഷയ് കുമാറിൻറെ വരാനിരിക്കുന്ന സിനിമകൾ. ഇതിൽ 14 കൊല്ലത്തിന് ശേഷം പ്രിയദർശൻ അക്ഷയ് കുമാർ കോമ്പോയിൽ എത്തുന്ന ഭൂത് ബംഗ്ല ബോളിവുഡ് അക്ഷമയോടെ കാത്തിരിക്കുന്ന പ്രൊജക്ടാണ്.
Discussion about this post