ന്യൂഡൽഹി: ഈയിടെയായി സോഷ്യൽ മീഡിയകളിൽ കണ്ടുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളും സൈബർ തട്ടിപ്പും അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കും സമിതി പ്രവർത്തിക്കുക.
6,000-ത്തിലധികം ഡിജിറ്റൽ അറസ്റ്റ് പരാതികളാണ് ഈ വർഷം ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളുമായി ബന്ധപ്പെട്ട് 14 സി 6 ലക്ഷം മൊബൈൽ നമ്പറുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. സൈബർ ക്രൈം കോർഡിനേഷൻ സെന്റർ 709 മൊബൈൽ ആപ്ലിക്കേഷനുകളെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ട്.
സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട 3.25 ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ അധികൃതർ ഉത്തരവിട്ടതായി വൃത്തങ്ങൾ അറിയിച്ചു. അതേസമയം രാജ്യത്തുടനീളമുള്ള ഡിജിറ്റൽ അറസ്റ്റ് കേസുകളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർദ്ധനവിന്റെ പശ്ചാത്തലത്തിൽ , ഇത്തരം തട്ടിപ്പുകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മൻ കി ബാത്ത്’ റേഡിയോ പ്രക്ഷേപണത്തിലാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയത്.
എന്താണ് ഡിജിറ്റൽ അറസ്റ്റ്
ഡിജിറ്റൽ അറസ്റ്റ് എന്നത് സൈബർ തട്ടിപ്പിന്റെ ഒരു പുതിയ രീതിയാണ്. അതിൽ തട്ടിപ്പുകാർ നിയമപാലകരായി വേഷമിടുകയും ഓഡിയോ അല്ലെങ്കിൽ വീഡിയോ കോളുകളിൽ ആളുകളെ ഭീഷണിപ്പെടുത്തുകയും അറസ്റ്റിന്റെ തെറ്റായ കാരണം പറഞ്ഞ് അവരെ ഡിജിറ്റലായി ബന്ദിയാക്കുകയും ചെയ്യുന്നു.

