ന്യൂഡൽഹി: ഡൽഹിയിലെ ചാന്ദ്നി ചൗക് മാർക്കറ്റിൽ ഭാര്യക്കൊപ്പം ഷോപ്പിങ്ങിനിറങ്ങിയ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തിയറി മാതോയുടെ മൊബൈൽ ഫോൺ മോഷണം പോയി. ഒക്ടോബർ 20നാണ് ഫ്രഞ്ച് അംബാസഡർ, ഭാര്യയ്ക്കൊപ്പം ചാന്ദ്നി ചൗക് മാർക്കറ്റ് സന്ദർശിച്ചത്. സംഭവത്തിൽ പൊലിസ് നാലുപേരെ അറസ്റ്റ് ചെയ്തു.
പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ദീപാവലിയുടെ ഭാഗമായി ചാന്ദ്‌നി ചൗക്ക് മാർക്കറ്റിൽ ഭാര്യയ്ക്കൊപ്പം ഷോപ്പിങിന് ഇറങ്ങിയതായിരുന്നു തിയറി മാത്തു. ഇതിനിടെയാണ് അദ്ദേഹം പോക്കറ്റടിക്ക് ഇരയായത്. പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടന്നത്.
20-നും 25-നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ നാലുപേരും. ഇവരിൽ നിന്ന് മോഷണംപോയ മൊബൈൽ ഫോൺ കണ്ടെടുക്കുകയും ചെയ്തു.

