വഡോദര: രാജ്യം ദീപാവലി ആഘോഷങ്ങളുടെ നിറവിലാണ്. ഇത്തവണ ദീപാവലി ദിനം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലാണ് ചെലവഴിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ഗുജറാത്തിൽ എത്തിയിരിക്കുകയാണ്. ബുധനാഴ്ച വൈകുന്നേരം 5.30ന് അദ്ദേഹം കേവാഡിയയിലെ ഏക്ത നഗറിലെത്തി. 280 കോടിരൂപയുടെ വിവിധ അടിസ്ഥാനസൗകര്യവികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.
ദീപാവലി ദിനത്തിൽ രാവിലെ 7.15ന് സർദാർ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമയ്ക്ക് മുന്നിൽ മോദി പുഷ്പാർച്ചന നടത്തും. ഇതിനുപിന്നാലെ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങൾ സംഘടിപ്പിക്കും. ചടങ്ങിൽ ഏകതാ ദിവസ് പ്രതിജ്ഞ അദ്ദേഹം എല്ലാവർക്കും ചൊല്ലിക്കൊടുക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഏകതാ ദിവസ് പരേഡും ഇതിനോടനുബന്ധിച്ച് നടക്കും.
9 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തേയും പോലീസ് സേനയും നാല് സെൻട്രൽ ആംഡ് പോലീസ് സേനയും, എൻസിസിയും പരേഡിൽ പങ്കെടുക്കും. ബിഎസ്എഫ്, എൻഎസ്ജി, സിആർപിഎഫ്, വ്യോമസേന എന്നിവയുടെ അഭ്യാസപ്രകടനങ്ങളും പരേഡിന് മിഴിവേകും. കൂടാതെ സ്കൂൾ വിദ്യാർത്ഥികളുടെ ബാൻഡ്മേളവും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2014ൽ അധികാരത്തിലെത്തിയത് മുതൽ എല്ലാ ദീപാവലി ദിനവും സൈന്യത്തോടൊപ്പമാണ് പ്രധാനമന്ത്രി ആഘോഷിച്ചുവരുന്നത്. ഓരോ ദീപാവലി ദിനത്തിലും അദ്ദേഹം സൈനിക കേന്ദ്രങ്ങൾ സന്ദർശിക്കുകയും സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യാറുണ്ട്.
2014ലെ ദീപാവലി ദിനത്തിൽ സിയാച്ചിനിലെ സൈനികരോടൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചത്. തൊട്ടടുത്ത വർഷം ദീപാവലിയ്ക്ക് പഞ്ചാബിലെത്തിയ അദ്ദേഹം മൂന്ന് സ്മാരകങ്ങൾ സന്ദർശിക്കുകയും 1965-ലെ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
Discussion about this post