കോഴിക്കോട്: കരിപ്പൂരിൽ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അനങ്ങനടി സ്വദേശി മുഹമ്മദ് ഇജാസിനെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ചയാണ് വിമാനത്താവളത്തിലേക്ക് ഇയാൾ ഇ മെയിൽ സന്ദേശം അയച്ചത്. കരിപ്പൂർ -അബുദാബി വിമാനത്തിനായിരുന്നു വ്യാജ ബോംബ് ഭീഷണി.
വൈകിട്ട് അഞ്ചുമണിക്ക് ആയിരുന്നു എയർപോർട്ട് ഡയറക്ടറുടെ ഇമെയിലിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നത്. കരിപ്പൂർ നിന്നും അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന എയർ അറേബ്യ വിമാനത്തിനായിരുന്നു ബോംബ് ഭീഷണി ഉണ്ടായത്. തുടർന്ന് എയർപോർട്ട് അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.
കരിപ്പൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്നാണ് പാലക്കാട് സ്വദേശിയായ മുഹമ്മദ് ഇജാസ് ആണ് ഭീഷണി സന്ദേശംത്തിന് പുറകിൽ എന്ന് കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് കൊണ്ടുപോയി.

