വഡോദര: സർദാർ വല്ലാഭായി പട്ടേലിന്റെ ജന്മദിനമായ ഇന്ന് ഗുജറാത്തിൽ സർദാർ വല്ലഭായ് സ്റ്റാച്ച്യൂവിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരേഡിൽ സല്യൂട്ട് സ്വീകരിച്ചു.
രാജ്യത്തിന്റെ ഐക്യം നിലനിർത്താൻ സർദാർ വല്ലഭായ് പട്ടേൽ നിരന്തരം ശ്രമിച്ചിരുന്നുവെന്നും, എല്ലാ തലമുറയ്ക്കും അദ്ദേഹം വലിയ പ്രചോദനമാണെന്നും പട്ടേലിനെ സ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
രാവിലെ 7.15ന് സർദാർ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമയ്ക്ക് മുന്നിൽ മോദി പുഷ്പാർച്ചന നടത്തി. ഏകതാ ദിവസ് പരേഡും ഇതിനോടനുബന്ധിച്ച് നടന്നു. ചടങ്ങിൽ ഏകതാ ദിവസ് പ്രതിജ്ഞ അദ്ദേഹം എല്ലാവർക്കും ചൊല്ലിക്കൊടുത്തു. 9 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തേയും പോലീസ് സേനയും നാല് സെൻട്രൽ ആംഡ് പോലീസ് സേനയും, എൻസിസിയും പരേഡിൽ പങ്കെടുത്തു. ബിഎസ്എഫ്, എൻഎസ്ജി, സിആർപിഎഫ്, വ്യോമസേന എന്നിവയുടെ അഭ്യാസപ്രകടനങ്ങളും പരേഡിന് മിഴിവേകി. കൂടാതെ സ്‌കൂൾ വിദ്യാർത്ഥികളുടെ ബാൻഡ്‌മേളവും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.
ഏകതാ ദിവസിനോടനുബന്ധിച്ചുള്ള പരിപാടികൾക്ക് ശേഷം, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ കച്ചിൽ സൈനികരോടൊപ്പം സമയം ചിലവഴിക്കും.
2014ൽ അധികാരത്തിലെത്തിയത് മുതൽ എല്ലാ ദീപാവലി ദിനവും സൈന്യത്തോടൊപ്പമാണ് പ്രധാനമന്ത്രി ആഘോഷിച്ചുവരുന്നത്. ഓരോ ദീപാവലി ദിനത്തിലും അദ്ദേഹം സൈനിക കേന്ദ്രങ്ങൾ സന്ദർശിക്കുകയും സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യാറുണ്ട്.
2014ലെ ദീപാവലി ദിനത്തിൽ സിയാച്ചിനിലെ സൈനികരോടൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചത്. തൊട്ടടുത്ത വർഷം ദീപാവലിയ്ക്ക് പഞ്ചാബിലെത്തിയ അദ്ദേഹം മൂന്ന് സ്മാരകങ്ങൾ സന്ദർശിക്കുകയും 1965-ലെ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
Discussion about this post