ന്യൂഡൽഹി: കരുതൽ ശേഖരമായി യുകെയിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിൽ നിന്ന് 102 ടൺ കൂടി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് ആർബിഐ. റിസർവ് ബാങ്കിന്റെ കരുതൽ ശേഖരമായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് തിരിച്ചെത്തിച്ചത്. ഈ മെയ്യിൽ 100 ടൺ സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവന്നതിനു പിന്നാലെയാണിത്. 2022 മുതൽ വിവിധ ഘട്ടങ്ങളിലായി 214 ടൺ സ്വർണമാണ് രാജ്യത്ത് തിരിച്ചെത്തിച്ചത്.
അന്താരാഷ്ട്ര തലത്തിൽ സംഘർഷ സാധ്യതകൾ നിലനിൽക്കുന്നതിനാലാണ് ഇന്ത്യയുടെ സ്വർണം തിരിച്ചെത്തിക്കാനുള്ള നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. 1990കളിൽ ബാലൻസ് ഓഫ് പേയ്മെന്റ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യ സ്വർണം പണയം വയ്ക്കാൻ നിർബന്ധിതരായി. ഇത്തരത്തിൽ രാജ്യത്തുനിന്നും വിദേശത്തേക്ക് പോയ സ്വർണം തിരികെ കൊണ്ടുവരാനുള്ള നടപടികളാണ് സർക്കാരും ആർബിഐയും ഇപ്പോൾ നടപ്പിലാക്കുന്നത്. സ്വർണം വിദേശത്ത് സൂക്ഷിക്കുന്നതിന്റെ പ്രതിസന്ധികൾ ഇതിലൂടെ മറികടക്കാം. അടുത്തിടെ ആർബിഐ പുറത്തിറക്കിയ ഫോറിൻ എക്‌സ്‌ചേഞ്ച് റിസർവ് റിപ്പോർട്ട് പ്രകാരം 855 ടൺ സ്വർണമാണ് ഇന്ത്യയുടെ കരുതൽ സ്വർണം. ഇത് സെപ്റ്റംബർ വരെയുള്ള കണക്കാണ്. ആകെ കരുതൽ സ്വർണത്തിൽ 510.5 ടൺ നിലവിൽ ഇന്ത്യയിലുണ്ട്.
അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ പ്രത്യേക വിമാനത്തിൽ അതീവരഹസ്യമായാണ് സ്വർണം ഇന്ത്യയിലെത്തിച്ചത്. തുടർന്ന് സുരക്ഷാ കേന്ദ്രങ്ങളിലേക്ക് സ്വർണം മാറ്റി.
Discussion about this post