തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ ഗുരുതരമായ അക്ഷരത്തെറ്റുകൾ. ഭാഷാദിനം കൂടിയായ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലുകളാണ് ആഭ്യന്തരവകുപ്പിന് നാണക്കേടായിരിക്കുന്നത്. മുഖ്യമന്ത്രിയിൽ നിന്ന് അഭിമാനപൂർവം മെഡൽ സ്വീകരിച്ച പൊലീസുകാർ പിന്നീട് നോക്കിയപ്പോൾ മാത്രമാണ് അക്ഷരത്തെറ്റുകൾ ശ്രദ്ധയിൽപെട്ടത്. മെഡലുകളിൽ മുഖ്യമന്ത്രിയുടെ എന്നതിന് പകരം ‘മുഖ്യമന്ത്ര യുടെ’ എന്നാണ് രേഖപ്പെടുത്തിയത്. പൊലീസ് മെഡൽ എന്നത് തെറ്റായി ‘പോല സ് മെഡൻ’ എന്നും എഴുതിയിരിക്കുന്നു.
മെഡൽ ജേതാക്കളായ പൊലീസുകാർ വിവരം ഉടൻ മേലധികാരികളോട് റിപ്പോർട്ട് ചെയ്തു. പിന്നാലെ ഡിജിപി വിഷയത്തിൽ ഇടപെട്ടു. എത്രയും പെട്ടെന്ന് മെഡലുകൾ തിരിച്ചുവാങ്ങാൻ ഡിജിപി നിർദേശം നൽകി. കൂടാതെ, അക്ഷരത്തെറ്റുകൾ തിരുത്തി പുതിയ മെഡലുകൾ നൽകാൻ മെഡലുകൾ നിർമിക്കാൻ കരാറെടുത്ത സ്ഥാപനത്തോടും നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എപി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ 264 ഉദ്യോഗസ്ഥർക്കാണ് മെഡൽ ലഭിച്ചത്. ഇതിൽ പകുതിയോളം മെഡലുകളിലും അക്ഷര പിശകുണ്ട്. വിതരണം ചെയ്യുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥർ മെഡലുകൾ പരിശോധിച്ചില്ല എന്നാണ് ഉയരുന്ന ആക്ഷേപം. മെഡൽ സമ്മാനിക്കാനായി മുഖ്യമന്ത്രിക്ക് നൽകുന്നത് ഡിജിപിയാണ്. അപ്പോഴും അക്ഷരത്തെറ്റ് ശ്രദ്ധിച്ചില്ല.
Discussion about this post