ഒട്ടാവ: കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് മുന്നിൽ ആക്രമണവുമായി ഖാലിസ്ഥാൻ ഭീകരർ. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിൽ ഖാലിസ്ഥാൻ വാദികൾ ക്ഷേത്രദർശനത്തിന് എത്തിയ ഭക്തരെ ആക്രമിച്ചു. കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ഒരു സംഘം സിഖ് വംശജർ ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തിൽ കാനഡ കേന്ദ്രമന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിച്ചു.
ഖാലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാസഭാ മന്ദിറിൽ മുന്നിൽ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാർ അവിടെ ഉണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചു വിട്ടുകയായിരുന്നു. ആക്രമണത്തിൽ ആശങ്ക ഉണ്ടെന്ന് ട്രൂഡോ സർക്കാരിലെ കേന്ദ്ര മന്ത്രിയായ അനിത ആനന്ദ് പ്രതികരിച്ചു. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മത വിഭാഗങ്ങൾക്കും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാൻ അവകാശമുണ്ടെന്ന് അനിത ആനന്ദ് എക്സിൽ കുറിച്ചു.
സംഭവത്തിന് പിന്നാലെ സ്ഥലത്ത് ഹൈന്ദവ വിശ്വാസികൾ പ്രതിഷേധിച്ചു. അടുത്ത കാലത്തായി ഹിന്ദു വിശ്വാസികൾക്ക് നേരെ ഖാലിസ്ഥാൻ ഭീകരർ ആക്രമണം കടുപ്പിച്ചിരുന്നു. ഇതിൽ ശക്തമായ നടപടി വേണമെന്നും തങ്ങൾക്ക് ജീവിക്കാൻ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഭീകരർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് ഹിന്ദു വിശ്വാസികളുടെ തീരുമാനം. ഹിന്ദുക്കളെ ഭീകരർ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശക്തമായ പ്രതിഷേധം ഉയർന്നതോടെ ആക്രമണത്തെ അപലപിച്ച് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും രംഗത്ത് എത്തി. ബ്രോംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ ഇന്നുണ്ടായ ആക്രമണം അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം വിശ്വാസം അനുഷ്ഠിക്കാനും പ്രാർത്ഥന നടത്താനും ഏതൊരു കനേഡിയൻ പൗരനും അവകാശമുണ്ട്. ഭീകരരിൽ നിന്നും ഹിന്ദു സമൂഹത്തെ രക്ഷിച്ച പീൽ റീജിയണൽ പോലീസിനോട് നന്ദി പറയുകയാണെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.
Discussion about this post