കൊല്ലം: കൊല്ലത്ത് കളക്ടറേറ്റ് പരിസരത്തുണ്ടായ സ്ഫോടനത്തിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധി. കേസിൽ ഒരു പ്രതിയെ വെറുതെവിടുകയും ചെയ്തു. മധുര സ്വദേശികളുമായ അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഷംസുദ്ദീൻ എന്നയാളെയാണ് വെറുതെ വിട്ടത്. ഇവരുടെ ശിക്ഷ നാളെ കോടതി വിധിക്കും.
ബേസ്മൂവ്‌മെന്റ് എന്ന സംഘടനയിലെ അംഗങ്ങളാണ് പ്രതികൾ. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയായിരുന്നു കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം കേസിൽ വിചാരണ പൂർത്തിയായിരുന്നു. ഇതോടെയാണ് വിധി പറഞ്ഞത്.
2016 ജൂൺ 15 നായിരുന്നു കേരളത്തെ ഞെട്ടിച്ച സ്‌ഫോടനം ഉണ്ടായത്. കളക്ടറേറ്റ് വളപ്പിൽ ഉപയോഗിക്കാതെ കിടന്ന ജീപ്പിൽ ഭീകരർ സ്‌ഫോടക വസ്തുക്കൾ നിറച്ച ശേഷം സ്‌ഫോടനം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.

