ബേർൺ: ആത്മഹത്യ പോഡ് ഉപയോഗിച്ച് ആത്മഹത്യ ചെയ്ത ഒരു സ്ത്രീയുടെ മരണത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ സ്വിറ്റ്സർലാൻഡിൽ നിന്നും പുറത്ത് വരുന്നത്.
1985 മുതൽ സ്വിറ്റ്സർലാൻഡിൽ നിയമവിധേയമായി ആത്മഹത്യ ചെയ്യാനുള്ള അനുമതിയുണ്ട്. ‘അസിസ്റ്റഡ് സൂയിസൈഡ്’ എന്ന് അറിയപ്പെടുന്ന ഇത്തരം ആത്മഹത്യയ്ക്ക് സർക്കാർ തലത്തിൽ അനുമതി ലഭിക്കാൻ, ആത്മഹത്യയ്ക്ക് തയ്യാറാകുന്ന രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാൻ പറ്റാത്ത തരത്തിലുള്ള എന്തെങ്കിലും മാരകമായ രോഗമോ മറ്റോ ബാധിച്ചിരിക്കണം. അത്തരം മാരക രോഗം ബാധിച്ച രോഗികളെ ആത്മസഹത്യയ്ക്ക് സഹായിക്കാനായി സ്വിറ്റസർലാൻറിൽ ചില സന്നദ്ധ സംഘടനകളുടെ സഹായം പോലും ലഭിക്കും. എന്നാൽ, കഴിഞ്ഞ സെപ്തംബറിൽ അത്തരത്തിൽ ആത്മഹത്യ ചെയ്ത ഒരു സ്ത്രീയുടെ മരണത്തിലെ ദുരൂഹതയെ തുടർന്ന് ആത്മഹത്യ പോഡ് സജ്ജീകരിച്ച ഡോ.ഫ്ലോറിയൻ വില്ലറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വിറ്റ്സർലൻഡിൽ ആദ്യമായിട്ടാണ് കഴിഞ്ഞ സെപ്തംബർ 23 ന്, 64 കാരിയായ അമേരിക്കൻ സ്ത്രീ ‘ആത്മഹത്യാ പോഡ്’ ഉപയോഗിച്ച് മരണത്തിന് കീഴടങ്ങിയത്. എന്നാൽ മരണാനന്തരം അവരുടെ ശരീരം പരിശോധിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ രീതിയിലുള്ള പാടുകൾ ഫോറൻസിക് ഡോക്ടർ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇത് ‘ബോധപൂർവ്വമായ നരഹത്യ’യാണെന്ന് അധികൃതർ സംശയിക്കുന്നു. ദി ലാസ്റ്റ് റിസോർട്ടാണ് ഈ ആത്മഹത്യാ ഉപകരണം അവതരിപ്പിച്ചത്. സീൽ ചെയ്ത പ്രത്യേക അറയിലേക്ക് നൈട്രജൻ വാതകം കടത്തിവിട്ട് ആളുകളെ മരിക്കാൻ അനുവദിക്കുന്നതാണ് ആത്മഹത്യാ പോഡിൻറെ രീതി.
തലയോട്ടിയിൽ ഗുരുതരമായ ഓസ്റ്റിയോമൈലൈറ്റിസ് രോഗം ബാധിച്ച സ്ത്രീയായിരുന്നു ആത്മഹത്യ തെരഞ്ഞെടുത്തത്. ചില ദിവസങ്ങളിൽ ബാത്ത്റൂമിൽ പോകാനോ അനങ്ങാനോ പോലും കഴിയാത്ത കടുത്ത തലവേദനയാണ് കഴിഞ്ഞ രണ്ട് വർഷമായി ഇവർ അനുഭവിച്ച് കൊണ്ടിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാര്യമായ മരുന്നുകൾ ഈ രോഗത്തിന് കണ്ടെത്തിയിട്ടില്ല. അതേ തുടർന്നാണ് അവർ സ്വിറ്റസർലാൻഡിലെ നിയമപരമായ ആത്മഹത്യ തെരഞ്ഞെടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Discussion about this post