അഹമ്മദാബാദ്: ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. മൂന്ന് തൊഴിലാളികൾ മരിച്ചതായി ആനന്ദ് ജില്ലാ എസ് പി ഗൗരവ് ജസാനി പറഞ്ഞു. ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും എസ് പി അറിയിച്ചു.
ഗുജറാത്തിലെ ആനന്ദ് ജില്ലയിലാൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പാലമാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ തകർന്നു വീണത്. ഉടൻ തന്നെ അഗ്‌നിശമന സേനാംഗങ്ങൾ ഉൾപ്പെടുന്ന രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തെത്തി. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ മൂന്ന് തൊഴിലാളികളെ പുറത്തെടുത്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നിർമാണത്തിനായി ഉപയോഗിച്ചിരുന്ന ഗർഡറുകൾ തെന്നിമാറിയതാണ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുംബൈ- അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ഇടനാഴിയാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി. പാലം തകർന്നതിൽ നാഷണൽ ഹൈസ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് അന്വേഷണം ആരംഭിച്ചു. പാലത്തിന് ഘടനാപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്.
Discussion about this post