പുതിയ ഡയറക്ടർ ജനറൽ ഓഫ് പോലീസിനെ(ഡിജിപി) തെരഞ്ഞെടുക്കുന്നതിനും നിയമിക്കുന്നതിനുമുള്ള പുതിയ മാർഗനിർദേശങ്ങൾക്ക് ഉത്തർപ്രദേശ് മന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നൽകി. ഇനി മുതൽ ഡിജിപിയുടെ നിയമനവുമായി ബന്ധപ്പെട്ട് യുപിഎസ്‌സിയിലേക്ക് സംസ്ഥാനസർക്കാർ പേരുകൾ അയക്കുകയില്ല. പകരം ഒരു സമിതിയായിരിക്കും ഡിജിപിയെ തെരഞ്ഞെടുക്കുക. ഹൈക്കോടതിയിൽനിന്ന് വിരമിച്ച ഒരു ജഡ്ജി അധ്യക്ഷനായ സമിതിയായിരിക്കും ഡിജിപിയെ തെരഞ്ഞെടുക്കുകയെന്ന് ആഭ്യന്തര വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ഈ സമിതിയിൽ ചീഫ് സെക്രട്ടറി, യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനിൽ(യുപിഎസ് സി) നിന്നുള്ള ഒരു നോമിനി, ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മിഷന്റെ അധ്യക്ഷൻ അല്ലെങ്കിൽ നോമിനി, അഡീഷണൽ ചീഫ് സെക്രട്ടറി അല്ലെങ്കിൽ ആഭ്യന്തര വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി, ഉത്തർപ്രദേശിൽ നേരത്തെ സേവനമനുഷ്ഠിച്ച് വിരമിച്ച ഡിജിപി എന്നിവരും ഉൾപ്പെടുന്നു. ഡിജിപി പദവിയിലേക്ക് പരിഗണിക്കപ്പെടുന്നയാളിന് കുറഞ്ഞത് ആറ് മാസത്തെ സേവനകാലാവധിയുണ്ടാകണം. കുറഞ്ഞത് രണ്ടുവർഷത്തേക്കാണ് നിയമനം.
പുതിയ മാറ്റം സുപ്രീം കോടതി നിർദേശങ്ങൾ അനുസരിച്ച്
പേ മട്രിക്‌സിൽ ലെവൽ 16ലുള്ള ജിഡിപി ചുമതലയിലുള്ള ഉദ്യോഗസ്ഥരെ മാത്രമെ പരിഗണിക്കൂ. ഡിജിപിയെ നീക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾക്കനുസരിച്ചാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെടുക, അഴിമതി, ഉത്തരവാദിത്വം ശരിയായ വിധത്തിൽ നിറവേറ്റാതിരിക്കുക തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടാൽ മാത്രമെ രണ്ടു വർഷ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഡിജിപിയെ തൽസ്ഥാനത്തുനിന്ന് മാറ്റുകയുള്ളൂ.
പോലീസ് ബാഹ്യ സമ്മർദങ്ങളിൽ നിന്ന് മുക്തരാണെന്ന് ഉറപ്പാക്കാനും പൗരന്മാരുടെ അവകാശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിനും പുതിയ പോലീസ് നിയമം നടപ്പിലാക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. പ്രകാശ് സിംഗ് ആൻഡ് അദേഴ്‌സും യൂണിയൻ ഓഫ് ഇന്ത്യയും(Prakash Singh and Others vs Union of India) ഉൾപ്പെട്ട കേസിലായിരുന്നു ഈ നിർദേശം പുറപ്പെടുവിച്ചത്.
Discussion about this post