കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷവിധിച്ചു. തീവ്രവാദസംഘടനയായ ബേസ്മൂവ്മെന്റിന്റെ പ്രവർത്തകരായ മധുര ഇസ്മായിൽപുരം സ്വദേശി അബ്ബാസ് അലി (31), മധുര മീനാക്ഷിഅമ്മൻ നഗർ കെ.പുതൂർ സ്വദേശി ഷംസൂൺ കരീംരാജ(33), മധുര പള്ളിവാസൽ സ്വദേശി ദാവൂദ് സുലൈമാൻ(27) എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചിരുന്ന പ്രതികളെ കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നു. മൂവരും കുറ്റക്കാരാണെന്ന് കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഐപിസി 307, 324, 427, 120 ബി സ്ഫോടകവസ്തു നിയമം, പൊതുമുതൽ നശീകരണം തടയൽ നിയമം, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം 16 ബി, 18, 20 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പ്രതികൾ ചെയ്തതായി കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ജി ഗോപകുമാർ കണ്ടെത്തിയിരുന്നു. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷനൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
നാലാം പ്രതി മധുര സ്വദേശി ഷംസുദ്ദീനെ വിട്ടയച്ചു. ഇസ്രത് ജഹാനെ കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധത്തിലാണ് 2016 ജൂൺ 15-ന് കൊല്ലം കോടതിവളപ്പിൽ ബോംബ് സ്ഫോടനം നടത്തിയത്. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റിരുന്നു.
Discussion about this post