വയനാട്: ചൂരൽമല ദുരിതബാധിതർക്ക് പുഴുവരിച്ച ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവും, പ്രതിഷേധവുമായി രംഗത്തെത്തുകയാണ് ബിജെപി. കോൺഗ്രസും സിപിഎമ്മും ചേർന്ന് ദുരിതബാധിതരെ വഞ്ചിക്കുകയാണെന്ന് ബിജെപി പറഞ്ഞു. സംഭവമറിഞ്ഞ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്ന മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബിജെപി പ്രവർത്തകർ.
ദുരിത ബാധിതരെ സംരക്ഷിക്കുന്നതിൽ സർക്കാർ അലംഭാവം കാണിക്കുകയാണ്. ഉരുൾപൊട്ടൽ നടക്കുന്നതിന് മുമ്പ് കാലാഹരണപ്പെട്ട ഭക്ഷ്യ വസ്തുക്കളാണ് റവന്യൂ വകുപ്പ് ദുരിത ബാധിതർക്കായി നൽകിയത്. എന്നാൽ ഭക്ഷ്യ വസ്തുക്കൾ കാലാഹരണപ്പെടുന്ന തീയതികൾ പരിശോധിക്കാൻ കോൺഗ്രസ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തും തയ്യാറായില്ലെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു.
അതേസമയം പഴകിയ ഭക്ഷ്യ വസ്തുക്കൾ എങ്ങനെ കിറ്റുകളിൽ വന്നുവെന്ന് അന്വേഷിക്കാൻ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. അരി, ഗോതമ്പ്, റവ തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പുഴുവരിച്ച നിലയിൽ കണ്ടത്. ഇതോടെ കിറ്റുകൾ പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് വലിച്ചെറിഞ്ഞ് ദുരിത ബാധിതർ പ്രതിഷേധിച്ചിരുന്നു.
റവന്യൂ വകുപ്പിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും ലഭിച്ച കിറ്റുകളാണെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. എന്നാൽ കിറ്റുകൾ പൂഴ്‌ത്തിവച്ച് വോട്ടിനായി നൽകിയതാണെന്നാണ് ഉയരുന്ന വിമർശനങ്ങൾ.
Discussion about this post