ന്യൂഡൽഹി: ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളുടെ വാസസ്ഥലം എങ്ങനെ തകർക്കാനാകുമെന്ന് ചോദിച്ച് സുപ്രീംകോടതി. ബുൾഡോസർ ഹർജികളിലാണ് കോടതിയുടെ ചോദ്യം. സർക്കാർ സംവിധാനത്തിന് ഒരു വ്യക്തി കുറ്റക്കാരനാണെന്ന് എങ്ങനെ പറയാനാകുമെന്നും സുപ്രീം കോടതി ചോദിച്ചു.
തുടർന്ന് പ്രതികളുടെ വീടുകൾ തകർക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വ്യക്തി കുറ്റക്കാരനാണോ അല്ലയോയെന്ന് സർക്കാരിന് എങ്ങനെ പറയാനാകും. അങ്ങനെ നിർദേശിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. കോടതിയുടെ ജോലി സർക്കാർ ഏറ്റെടുക്കേണ്ട. പാർപ്പിടം ജന്മാവകാശമെന്നും കോടതി വ്യക്തമാക്കി.
കേസുകളിൽ ഉൾപ്പെട്ടവരുടെ വീടുകൾ തകർക്കാനാവില്ല. നിരാലംബരായ സ്ത്രീകളേയും കുട്ടികളേയും തെരുവിലേക്ക് വലിച്ചിഴക്കാനാവില്ല. അത് നിയമവാഴ്ചയെ തകർക്കുന്ന നടപടിയാകും. അനധികൃത നിർമ്മാണങ്ങളുടെ കാര്യത്തിലല്ല ഈ നിർദേശങ്ങളെന്നും കോടതി വ്യക്തമാക്കി.
അവകാശ ലംഘനമെങ്കിൽ നഷ്ട പരിഹാരത്തിന് അർഹതയുണ്ടാകും. മുൻകൂട്ടി നോട്ടീസ് നൽകാതെ വീടുകൾ പൊളിക്കരുത്. 15 ദിവസം മുൻപെങ്കിലും നോട്ടീസ് നൽകണം. പൊളിക്കൽ നടപടി ചിത്രീകരിക്കണമെന്നും കോടതി നിർദേശിച്ചു.
Discussion about this post